കൊച്ചി: ബോളിവുഡ് നടി ശ്രീദേവിയുടെ വിയോഗത്തിന്‍റെ ദുഖത്തിലാണ് സിനിമലോകം. ശ്രീദേവിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവക്കുമ്പോള്‍ അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം വ്യക്തമാക്കുകയാണ് നടി കെ.പി.എ.സി ലളിത പങ്കുവച്ചത്. ശ്രീദേവി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതിന്‍റെ അനുവഭമാണ് ലളിത പങ്കുവച്ചത്. 

ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്‍റെ പരസ്യചിത്രത്തില്‍ കൃഷ്ണനായുള്ള വേഷത്തിലാണ് ശ്രീദേവി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ശ്രീദേവിക്ക് അന്ന് മൂന്ന് വയസ്. പിന്നീടാണ് അവര്‍ ബാലതാരമായി സിനിമയില്‍ എത്തുന്നതും ഇന്ത്യന്‍ സിനിമ ലോകം കീഴടക്കുന്നതും. എന്നാല്‍ ആദ്യമായി അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത് ഭരതന്‍റെ പരസ്യചിത്രത്തിന് വേണ്ടിയാണെന്ന് അധികമാര്‍ക്കും അറിയില്ല. 

ശ്രീദേവിയുടെ അമ്മ ഇക്കാര്യം ഓര്‍ത്തിരുന്നു. അമ്മ പറഞ്ഞിട്ടാണ് അവര്‍ പിന്നീട് ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതെന്നും കെ.പി.എ.സി ലളിത പറഞ്ഞു. ശ്രീദേവിയെ വളരെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് താന്‍ കാണുന്നത്. കുമാരസംഭവം തൊട്ട് നിരവധി സിനിമകളില്‍ അവര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്. അത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും കെ.പി.എ.സി ലളിത പറഞ്ഞു.