മോഹൻലാൽ തിരക്കഥ വായിച്ച് അതിന്റെ ചർച്ചകളിലേക്കും ബജറ്റിങ്ങിലേക്കുമൊക്കെ കടന്നിട്ടുണ്ടെന്നാണ് കൃഷാന്ദ് പറയുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ആവാസവ്യൂഹത്തിന് മുൻപ് എഴുതിയ തിരക്കഥയാണിതെന്നും കൃഷാന്ദ്
ആവാസവ്യൂഹം, പുരുഷപ്രേതം, സംഘർഷഘടന തുടങ്ങീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ദ്. ഓരോ സിനിമകളിലും സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കൃഷാന്ദ്. അതുകൊണ്ട് തന്നെ മോഹൻലാൽ- കൃഷാന്ദ്കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന റിപ്പോർട്ടുകൾ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികണ്ടത്. ഇപ്പോഴിതാ മോഹൻലാലുമായുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കൃഷാന്ദ്.
മോഹൻലാൽ തിരക്കഥ വായിച്ച് അതിന്റെ ചർച്ചകളിലേക്കും ബജറ്റിങ്ങിലേക്കുമൊക്കെ കടന്നിട്ടുണ്ടെന്നാണ് കൃഷാന്ദ് പറയുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ആവാസവ്യൂഹത്തിന് മുൻപ് എഴുതിയ തിരക്കഥയാണിതെന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കൃഷാന്ദ് കൂട്ടിച്ചേർത്തു.
"സ്ക്രീൻപ്ലേ വായിച്ച് അതിന്റെ ഡിസ്കഷനിലേക്ക് കടക്കുകയും അതിന്റെ ബജറ്റിങ്ങിലോട്ടൊക്കെ കയറുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറുമായി രണ്ട് മൂന്ന് സിറ്റിങ്ങ് കൂടി ബാക്കിയുണ്ട്. മോഹൻലാൽ സാറിന് സമ്മതമാണെങ്കിൽ നമ്മൾ അത് നന്നായിട്ട് ചെയ്യും, ആ സിനിമയുടെ തിരക്കഥ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെറുക്കുന്നതിന് മുൻപ് ആ സിനിമ ചെയ്യണമെന്നുണ്ട്. ഒരുപാട് വർഷം മുൻപ് തയ്യാറാക്കിയ തിരക്കഥയാണത്. ആവാസവ്യൂഹം ഒക്കെ ചെയ്യുന്നതിനും മുൻപ് തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. ഹ്യൂമർ ഉണ്ടെങ്കിലും ഒരു ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ്." സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ കൃഷാന്ദ് പറഞ്ഞു.
സംഭവ വിവരണം നാലര സംഘം
അതേസമയം കൃഷാന്ദ് സംവിധാനം ചെയ്ത വെബ് സീരീസ് 'സംഭവ വിവരണം നാലര സംഘം' (ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ഗ്യാങ്) മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിക്കൊണ്ടിരിക്കുന്നത്. സോണി ലിവിലൂടെയാണ് ശ്രീരീസ് സ്ട്രീം ചെയ്യുന്നത്.
കടുപ്പമുള്ള യാഥാർത്ഥ്യങ്ങളും ഡാർക്ക് കോമഡിയും സമന്വയിപ്പിച്ച് കൃഷാന്ദ് ഒരുക്കിയിരിക്കുന്ന സിരീസ് ആണ് ഇത്. തിരുവനന്തപുരമാണ് കഥയുടെ പശ്ചാത്തലം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ഡാർക്ക് ആക്ഷൻ കോമഡി ഒരുക്കിയിരിക്കുന്നത്. ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും പൊക്കം കുറഞ്ഞ ഒരാളും. ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങി കൂടി ജീവിച്ച് മടുത്തവർ. അവർക്ക് വേണ്ടത് ഒന്ന് മാത്രം- മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം.
അതിനായി അവർ ഒരുക്കിയ പദ്ധതിയോ? നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്തുക. അതിന് തടസ്സം നിൽക്കുന്നതോ? നഗരത്തിലെ പാലിന്റെയും പുഷ്പ വ്യാപാരത്തിന്റെയും വിചിത്രവും കടുത്ത മത്സരബുദ്ധിയും നിറഞ്ഞതുമായ അധോലോകം നിയന്ത്രിക്കുന്ന ഒരു ക്രൂരനായ ഗ്യാങ്സ്റ്റർ. മാൻകൈൻഡ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ സിരീസില്‍ സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയ യുവതാരങ്ങളും അഭിനയിക്കുന്നു. ഡാർക്ക് കോമഡി, യാഥാർഥ സംഭവങ്ങളിൽ നിന്നുള്ള പ്രചോദനം, വ്യത്യസ്തമായ കഥപറച്ചിൽ എന്നിവയുടെ ഒരു സവിശേഷമായ കൂട്ട് ആണ് 4.5 ഗ്യാങ് എന്ന് അണിയറക്കാര്‍ പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിരീസ് കാണാനാവും.



