ഇപ്പോളിതാ കൃഷാന്ദിന്റെ 'സംഭവവിവരണം നാലര സംഘം' എന്ന വെബ് സീരിസ് സോണി ലിവിലൂടെ കഴിഞ്ഞ ദിവസം എത്തിയിരിക്കുകയാണ്. അടിമുടി കട്ട ലോക്കൽ ഗ്യാങ്‌സ്റ്റർ സ്റ്റോറി.

മോളിവുഡിനെ കോവിഡിന് ശേഷവും അതിനു മുൻപെന്നും നമുക്ക് കുറിച്ചിടാം. വീട്ടിലേക്ക് മലയാളി പ്രേക്ഷകർ ചുരുങ്ങിയപ്പോഴാണ് വെബ് സീരീസ് എന്ന വിഷ്വൽ കൾച്ചർ ആഴത്തിലിറങ്ങിയത്. അഞ്ചു വർഷം കൊണ്ട് മലയാളത്തിൽ ത്രില്ലറും കോമഡിയും തുടങ്ങി പല ജോണറിലുള്ള വെബ് സീരിസുകളും വന്നു. അതിനെല്ലാം മലയാളി പ്രേക്ഷകർക്കിടയിലും പുറത്തും വലിയ സ്വീകാര്യതയും കിട്ടിയിട്ടുണ്ട്. ഇപ്പോളിതാ കൃഷാന്ദിന്റെ 'സംഭവവിവരണം നാലര സംഘം' എന്ന വെബ് സീരിസ് സോണി ലിവിലൂടെ കഴിഞ്ഞ ദിവസം എത്തിയിരിക്കുകയാണ്. അടിമുടി കട്ട ലോക്കൽ ഗ്യാങ്‌സ്റ്റർ സ്റ്റോറി. പേരിൽ തന്നെ വ്യത്യസ്ത പുതുക്കിയ 'സംഭവവിവരണം നാലര സംഘം' സകല സാമ്പ്രദായിക മേക്കിങ്ങിനെയും ആദ്യ സിനിമയിലൂടെ പൊളിച്ചെഴുതിയ സംവിധായകൻ കൃഷാന്ദിന്റെ മറ്റൊരു ഗംഭീര വർക്കെന്ന് നിസംശയം പറയാം. ദൃശ്യ മികവ്, എഡിറ്റിംഗ്, ശബ്‍ദം, അഭിനേതാക്കളുടെ പെർഫോമൻസ് തുടങ്ങി ഒന്നിലും കോംപ്രമൈസ് ചെയ്യാത്തൊരു അസൽ ലോക്കൽ ഗ്യാങ്‌സ്റ്റർ പടം. മലയാളത്തിൽ ഇന്നുവരെ വന്ന ഏതൊരു വെബ് സീരിസും എടുത്തുനോക്കുമ്പോൾ സംഭവവിവരണം നാലരസംഘത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും. 'പട്ടാപ്പകൽ ഇൻസ്‌പെക്ടർക്കെതിരെ ഗുണ്ട ആക്രമണം' എന്ന ഒന്നാം എപ്പിസോഡിൽ തുടങ്ങി അമ്പല പറമ്പിൽ കത്തിക്കുത്ത്, കല്യാണവീട്ടിൽ വെടിവെപ്പ് ഗുണ്ടാത്തലവൻ അറസ്റ്റിൽ എന്ന ആറാം എപ്പിസോഡ് വരെ നീളുന്ന നാലര സംഘത്തിന്റെ ജീവിത കഥയാണ് 'സംഭവവിവരണം നാലര സംഘം'.

എന്റെ രാഷ്ട്രീയം എന്റെ സിനിമകളിലുണ്ട് - കൃഷാന്ത് | KRISHAND | THE CHRONICLES OF THE 4.5 GANG

തിരുവഞ്ചിപുരമെന്ന നഗരത്തിൽ തടിപ്പാലം കോളനിയിലെ 1999 ഫോർട്ടിൽ സ്കൂളിൽ നിന്നാണ് നാലര സംഘത്തിന്റെ ജീവിതം തുടങ്ങുന്നത്. അരിക്കുട്ടൻ, മണിയൻ,മൂങ്ങ, കഞ്ഞി, അൽത്താഫ് തുടങ്ങിയ നാലര സംഘം. ഉത്സവം നടത്തിയ, ചായക്കടയിൽ പൈസ കൊടുക്കേണ്ടാത്ത, എല്ലാവർക്കും ബഹുമാനവും സ്‌നേഹവുമുള്ള ബ്രിട്ടോ അണ്ണനാണ് ഈ നാലര സംഘത്തിന്റെ ഹീറോ. ജീവിച്ചിരിക്കുമ്പോൾ തന്നെ തിരുവഞ്ചിപുരത്ത് പ്രതിമ വന്ന ഗുണ്ട, പക്ഷേ നാലര സംഘത്തിന്റെ ഗോഡ് ഫാദർ ആരെന്ന് ചോദിച്ചാൽ അത് ബ്രിട്ടോ അണ്ണൻ തന്നെയാണ്. മുന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നാലര സംഘത്തിലെ പ്രധാനിയും നിലവിൽ പോലീസ് അന്വേഷിച്ചു നടക്കുന്നയാളുമായ അരിക്കുട്ടൻ തന്റെ സംഭവ ബഹുലമായ ജീവിതം നോവലാക്കാനും പിന്നീട് അത് സിനിമയായി ആഘോഷമാക്കാനും വിഖ്യാത എഴുത്തുകാരന്‍ മൈത്രേയനെ തേടി ബോംബൈയിലെത്തുന്നിടത്തുന്നു ആദ്യ എപ്പിസോഡിന്റെ തുടക്കം. കഥപറച്ചിലില്‍ നിറയ്ക്കുന്ന കുസൃതി കണ്ടിരിക്കുന്ന പ്രേക്ഷകനെ ആദ്യ മിനിറ്റിൽ തന്നെ നാലര സംഘത്തിന്റെ കൂടെയാക്കുന്ന ഒരു മാജിക് ഇതിലും കൃഷാന്ദ് തെറ്റിച്ചില്ല.

ബ്രിട്ടോ അണ്ണനെ പോലെ എല്ലാവരും നല്ലത് പറയണം, ഒപ്പം ബഹുമാനവും. അതാണ് ഈ നാലര സംഘത്തിന്റെ ആഗ്രഹം. ആദ്യ അടി പ്രതീക്ഷിക്കാതെ സംഭവിച്ചു കൊണ്ട്, ബ്രൂസ് ലിയും പേലെ കുട്ടനും ട്രാക്കിലേക്ക് വരുന്നതോടെ നാലര സംഘത്തിന്റെ കഥ മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. ഒപ്പം എസ് ഐ സുരേഷിനൊപ്പം നാലര സംഘം എത്തുന്നതോടെ കോളനിയിലെ ആ നാലര സംഘം അവർ ആഗ്രഹിച്ച ഒരു വഴിയിലേക്ക് എത്തുകയാണ്. പഠിത്തം പാതിയിൽ മുടങ്ങിയിലെന്താ തങ്ങള്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് എത്താനുള്ള ഓട്ടം അവർ ആസ്വദിക്കുന്നു. സാധാരണ ഗ്യാങ്‌സ്റ്റർ സിനിമകളിൽ കാണുന്ന മയക്കുമരുന്ന്, മദ്യം വില്പനയിലൂടെയല്ല നമ്മുടെ നാലര കൂട്ടം ഗ്യാങ്‌സ്റ്റർ തലത്തിലേക്ക് എത്തുന്നത്. പാല് മുതൽ പൂക്കച്ചോടം വരെ ചെയ്യുന്ന കട്ട ലോക്കൽ ഗ്യാങ്‌സ്റ്റർ. എന്നാൽ ഇതൊരു ഫീല്‍ ഗുഡ് കഥയല്ല, വയലൻസും ചോരയുമുണ്ട്. നാലര സംഘത്തിനെ നായകന്മാരാക്കാൻ ഒരിക്കൽ പോലും അവർ ചെയ്യുന്ന ഒരു ക്രൈമുകളെയും സംവിധായകൻ നോർമലൈസ് ചെയ്യാൻ ഒരുങ്ങുന്നില്ലെന്നിടത്താണ് കൈയടി അർഹിക്കുന്നത്.

ഓരോ ഷോട്ടും രസകരമാവുമ്പോൾ തുള്ളിച്ചാടുന്ന പ്രകൃതമാണ് കൃഷാന്തിന്റേത് | THE CHRONICLES OF THE 4.5 GANG

കംപ്ലീറ്റ് ഒരു പുരുഷ സിനിമയാണെങ്കിലും നാലര സംഘത്തിലെ പ്രധാനി അരിക്കുട്ടന്റെ പ്രണയത്തെ സിരീസ് മനോഹരമായി വരച്ചു കാട്ടുന്നുണ്ട്. ഓരോ ചാപ്റ്റർ എന്ന രീതിയിലാണ് ഓരോ എപ്പിസോഡും ഒരുക്കിയിരിക്കുന്നത്. കുസൃതി നിറഞ്ഞ കഥ പറച്ചിലിലൂടെ മാരകമായ ഗ്യാങ്‌സ്റ്റർ കഥ പറയുമ്പോൾ, രസച്ചരട് മുറിക്കാത്ത ഡാർക്ക് ഹ്യൂമർ കൂടെ ചേരുമ്പോൾ പ്രേക്ഷകന് ആഴത്തിലുള്ള ആസ്വാദനത്തിന് സംവിധായകൻ സാധ്യത ഒരുക്കുന്നുണ്ട്. എന്ന ഇത് വെറും ഗ്യാങ്‌സറ്റർ സിനിമയല്ല, കൃഷന്ദിന്റെ സിനിമകളിൽ പറഞ്ഞു പോകുന്ന ക്ലാരിറ്റിയുള്ള രാഷ്ട്രീയം ഇതിലും അണ്ടർ ലൈനായി പറഞ്ഞു പോകുന്നുണ്ട്. അതിന്റെ മൂർച്ച ഇത്തിരി കൂടുതലാണ്. ഹ്യൂമറും ആക്ഷനും മാത്രമല്ല ഒപ്പം ഇമോഷണൽ ലയർ കൂടെ കടന്നു പോകുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകന്റെ കണ്ണ് നനയിപ്പിക്കുന്നുണ്ട് നാലര സംഘം. ഒരുപാട് കഥാപാത്രങ്ങൾ വന്നു പോകുന്ന കഥയിൽ പടക്കം ഉണ്ണിയും വത്സനും ഭാര്യ രമണിയും സെന്തിലും തുടങ്ങി എല്ലാ കഥാപാത്രങ്ങൾക്കും കൊടുത്ത ട്രീറ്റ്‌മെന്റ് മികച്ചു നില്കുന്നു.

കഥ പറയുന്ന രീതിയിൽ എഡിറ്റിംഗിൽ കൊണ്ട് വന്നിരിക്കുന്ന ട്രാൻസിഷൻസെല്ലാം കുറച്ചു കൂടെ കഥയോട് ചേർന്ന് നിൽക്കുന്നുണ്ട്. കെ ശശി കുമാറിന്റെ എഡിറ്റിംഗിനും ഒപ്പം വിഷ്ണു പ്രഭാകറിന്റെ ദൃശ്യ മികവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്. സൂരജ് സന്തോഷ്, വർക്കി എന്നിവര്‍ സംഗീത്തിലൂടെ ആ നാടിനെയും ഇമോഷൻസിനെയും അടയാളപ്പെടുത്തുന്നുണ്ട്. സഞ്ജു ശിവറാം അരിക്കുട്ടനായി എത്തുമ്പോൾ ഒരു അഭിനേതാവിനെ കൃത്യമായി ഉപയോഗിച്ചത് നമുക്ക് കാണാൻ കഴിയും ഒപ്പം സഞ്ജുവിന്റെ ഫിലിമോഗ്രാഫിയിലെ മിന്നുന്ന ഒന്ന് തന്നെയായിരിക്കും അരിക്കുട്ടൻ. നാലര സംഘത്തിന്റെ അൽത്താഫായി നിരഞ്ജ് മണിയൻപിള്ള രാജു, മൂങ്ങയായി സച്ചിൻ ജോസഫ് കളരിക്കൽ, മണിയനായി ശംഭു സുരേഷ്, കഞ്ഞിയായി ശ്രീനാഥ്‌ ബാബുവും മികച്ച പ്രകടനം കാഴ്ചവച്ചു. പെലെ കുട്ടനായി എത്തിയ വിഷ്ണു അഗസ്ത്യയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. പ്രണയവും പകയും പേടിയുമെല്ലാം ഒന്നിച്ചു കൊണ്ടുവന്ന പെലെ കുട്ടനോട് ആദ്യം ഇഷ്ടവും പിന്നീട് വെറുപ്പും തോന്നിപ്പോകുന്ന കഥാപാത്രമാണ്. ബ്രൂസ് ലിയായി പ്രശാന്ത് അലക്‌സാണ്ടർ, പടക്കം ഉണ്ണിയായി പീക്കൂ, മൈത്രേയനായി ജഗദീഷ്, എസ് ഐ സുരേഷായി രാഹുൽ രാജഗോപാലും അരിക്കുട്ടന്റെ അച്ഛൻ കഥാപാത്രം ചെയ്ത ഇന്ദ്രൻസ്, കിങ്ങിണിയായി ശാന്തി ബാലചന്ദ്രൻ പ്രണിതയായി ഷെറീന ഷിഹാബ് തുടങ്ങി വലിയ താരനിരയും ഒപ്പം മികച്ച പ്രകടനവും. അധികാര വർഗം എല്ലാത്തിനും ഉപയോഗപ്പെടുത്തുന്ന ഒരു കൂട്ടം മനുഷ്യരുടെ പച്ചയായ ജീവിതമാണ് ഇത്. എന്ത് നേടിയാലും കിട്ടാത്ത ബഹുമാനത്തെ കുറിച്ചും സംഭവവിവരണം നാലരസംഘത്തിലൂടെ സംവിധായകൻ പറഞ്ഞു വയ്ക്കുന്നുണ്ട്.