കൊല്ലം: സെന്‍സര്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് പ്രശസ്ത ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നി . കപട ദേശീയതയാല്‍ നിയന്ത്രിക്കപ്പെട്ട ഒരു കൂട്ടം കൈക്കൂലിക്കാരാണ് സെന്‍സര്‍ബോര്‍ഡിന്റ തലപ്പത്തെന്ന് സാഹ്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റായ വഴിക്കാണ് സെന്‍സര്‍ ബോര്‍ഡ് പോകുന്നത്. രാജ്യത്ത് സിനിമകളെ തകര്‍ക്കാന്‍ മാത്രം ഉണ്ടാക്കിയ സംവിധാനമാണ് സെന്‍സര്‍ ബോര്‍ഡെന്ന് സാഹ്നി കുറ്റപ്പെടുത്തുന്നു. 

സിനിമയിലെ രംഗങ്ങള്‍ ഒഴിവാക്കാന്‍ ഇവര്‍ നിര്‍മ്മാതാക്കളില്‍ നിന്നും പണം വാങ്ങുന്നു. വിഡ്ഢികളും കൈക്കൂലിക്കാരുമാണവര്‍. കേരളത്തില്‍ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അമിതമായ അടക്കിപ്പിടിക്കലാണ് സദാചാര ഗുണ്ടകളെ ഉണ്ടാക്കുന്നത്. ഇവര്‍ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കുന്നു. ഒരിക്കലും ഇവര്‍ സ്വന്തം തെറ്റുകളെ തിരിച്ചറിയുന്നില്ല.

20 വര്‍ഷത്തിന് ശേഷം പുതിയ സിനിമ പണിപ്പുരയിലാണ് കുമാര്‍ സാഹ്നി . ഗീതാഗോവിന്ദത്തിനെ ആസ്പദമാക്കിയുള്ള പ്രിയേ ചാരു ശീലേ ഉടന്‍ പുറത്തിറങ്ങും. എഴുപതുകളിലെ നവതരംഗ സിനിമ സമയത്ത് ഹിന്ദിയില്‍ ആ ശൈലി ഏറ്റെടുത്ത സംവിധായകന്‍നാണ് സാഹ്നി . ശ്യാംബനഗലിനും മണികൗളിനുമൊപ്പം സമാന്തര സിനിമകളോടൊപ്പം സഞ്ചരിച്ച വ്യക്തി. മായാദര്‍പ്പണടക്കം പ്രശസ്തമായ 17 സിനിമകള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. 

പുണെ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ മലയാളത്തിന്റെ സ്വന്തം ജോണ്‍ എബ്രഹാമിന്റെ സഹപാഠിയായരുന്നു ഷസാഹ്നി . വിവിധ വര്‍ണ്ണകളോടുകൂടിയ ലുങ്കി അണിഞ്ഞ് വരുന്ന താടി നീട്ടിവളര്‍ത്തിയ ജോണിനെയാണ് കേരളത്തിലെത്തിയപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ്മവരുന്നത്. അദ്ദേഹം വിയോഗം സിനിയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും കുമാര്‍ സാഹ്നി പറഞ്ഞു.