''എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം'' കഴിഞ്ഞ ദിവസത്തെ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാല്‍ ആരാണ് അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ആരുമൊന്നു സംശയിക്കും. സംശയിക്കേണ്ട്. രാമന്റെ ഏദന്‍ തോട്ടവുമായി ബന്ധപ്പെട്ടാണ് ചാക്കോച്ചന്‍റെ പോസ്റ്റ്. രമേഷ് പിഷാരടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്.
എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം....
അത് കൂടുതൽ സന്തോഷം തരുന്നത്,ഒരുമിച്ചു അഭിനയിച്ച "രാമന്റെ ഏദൻതോട്ടം " പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്നേഹവും ലഭിച്ചു തീയേറ്ററുകളിൽ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്നതാണ്... സന്തോഷം ,വർമാജി എന്ന പിഷാരടി എന്നാണ് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചതിന്‍റെ പൂര്‍ണരൂപം.
ഇനി കഥയിലേക്ക് വരാം. പിഷാരടി ചാക്കോച്ചനെ കൊല്ലാന്‍ ആഗ്രഹിച്ചതിന്‍റെ കാരണം ഇതാണ്. അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് കുഞ്ചാക്കോ ബോബനോട് എല്ലാവര്‍ക്കും ഉണ്ടായ ആരാധന തന്നെ അസൂയപ്പെടുത്തിയെന്നും കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ ആഗ്രഹിച്ചെന്നും ഒരു അഭിമുഖത്തില്‍ പിഷാരടി പറഞ്ഞിരുന്നു.
1997 ല്‍ അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് ആരെങ്കിലും ഒരു തോക്ക് തന്നിട്ട് കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരെ കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് പോകുമായിരുന്നു. കാരണം അയാളൊരു പ്രശ്നക്കാരനായിരുന്നു. എന്റെ ക്ലാസ്മേറ്റിന്റെ കൈയിലെ ഓട്ടോഗ്രാഫ് ബുക്കില്‍ ഞാന്‍ അയാളുടെ ഫോട്ടോ കണ്ടു. അതുകൊണ്ട് ഞാനവളുടെ ഓട്ടോഗ്രാഫില്‍ ഒന്നും എഴുതിയില്ല. കാരണം കുഞ്ചാക്കോ ബോബനോടുള്ള എന്റെ അസൂയയായിരുന്നു. എനിക്കതൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല- രമേഷ് പിഷാരടി അഭിമുഖത്തില്‍ പറയുന്നു.
ഈ അഭിമുഖത്തെ കളിയാക്കിക്കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് കണ്ടതോടെ തന്നെ നാറ്റിക്കരുതെന്ന അപേക്ഷയുമായി കമന്‍റില്‍ രമേഷ് പിഷാരടിയും രംഗത്തെത്തി. എന്തായാലും പോസ്റ്റ് വൈറലായിരിക്കുകയാണ്.
