കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ജോസ് രംഗത്തെത്തി. കഴിഞ്ഞ 26 വര്‍ഷമായി അറിയുന്ന ആളാണ് ദിലീപെന്നും, ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും താന്‍ ദിലീപിനൊപ്പമുണ്ടെന്നാണ് ഫേസ്ബുക്കിലൂടെ ലാല്‍ജോസ് വ്യക്തമാക്കിയത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ലാല്‍ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തത്.

ലാല്‍ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പ് കാണാം...

നടിയെ ആക്രമിച്ച കേസിലെ പ്രതി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും രംഗത്തുവന്നതോടെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ തുടങ്ങിയത്. ഇക്കാര്യത്തില്‍ ദിലീപ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുനില്‍കുമാര്‍ അയച്ചതെന്ന് പറയപ്പെടുന്ന കത്തും, ദിലീപിന്റെ മാനേജരെ വിളിച്ച ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. തന്നെ വ്യക്തിപരമായി നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ദിലീപ് ആരോപിച്ചിരുന്നു. ന‍ടന്‍മാരായ സലീംകുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ ദിലീപിന് പിന്തുണ നല്‍കി രംഗത്തുവന്നിരുന്നു.