ലതാ മങ്കേഷ്‌കറുടെ ഏറ്റവും ജനപ്രിയഗാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനം എന്തിനാണ് ഇങ്ങനെയൊരു രംഗത്തിന് ഉപയോഗിച്ചതെന്നാണ് ലതയുടെ കുടുംബത്തിന്റെ ചോദ്യം

നാല് ബോളിവുഡ് സംവിധായകര്‍ ചേര്‍ന്ന് നെറ്റ്ഫഌക്‌സിനായി ഒരുങ്ങിയ ഷോര്‍ട്ട്ഫിലിം ലസ്റ്റ് സ്റ്റോറിസിനെ ചൊല്ലി ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്. സ്ത്രീ ലൈംഗീകതയുടെ വ്യത്യസ്തമായൊരു വീക്ഷണം തുറന്നിടുന്ന നാല് ഷോര്‍ട്ട്ഫിലിമുകളില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ പുതുതായി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. 

നവദമ്പതികളുടെ ലൈംഗീകജീവിതത്തെ കുറിച്ച് പറയുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ ഒരു ഭാഗത്ത് നായികയായ കൈറ അദ്ധ്വാനി വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന രംഗമുണ്ട്. ഇതിന് പശ്ചാത്തലമായി ലതാ മംങ്കേഷ്‌കര്‍ ആലപിച്ച കഭീ ഖുഷി കഭിഗമിലെ ഗാനമാണ് കരണ്‍ ജോഹര്‍ ഉപയോഗിച്ചത്. ഇതിനെതിരെ ഇപ്പോള്‍ ലതാ മങ്കേഷ്‌കറുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 

ലതാ മങ്കേഷ്‌കറുടെ ഏറ്റവും ജനപ്രിയഗാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനം എന്തിനാണ് ഇങ്ങനെയൊരു രംഗത്തിന് ഉപയോഗിച്ചതെന്നാണ് ലതയുടെ കുടുംബത്തിന്റെ ചോദ്യം. സംഭവത്തില്‍ ലതയുടെ ബന്ധുകള്‍ വളരെ അസ്വസ്ഥരാണെന്നാണ് അവരുടെ ഒരു കുടുംബാംഗത്തെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കരണ്‍ ജോഹറിന്റെ തന്നെ കഭീ ഖുഷീ കഭീ ഗം എന്ന ചിത്രത്തിനായി ഈ ഗാനം ലതാജി പാടി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കരണ്‍ വളരെ ആവേശത്തിലും അഭിമാനത്തിലുമായിരുന്നു. ലതാജി തന്റെ സിനിമയ്ക്ക് വേണ്ടി പാടുന്നത് ഒരു സ്വപ്‌നമായിരുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ എങ്ങനെയാണ് ആ സ്വപ്‌നം ഒരു ദുസ്വപ്‌നമായി മാറിയത്. 

താന്‍ പാടി മനോഹരമാക്കിയ ഒരു ഗാനം ഈ വിധം അപമാനിക്കപ്പെട്ട വിവരം ഞങ്ങള്‍ ലതാജിയെ അറിയിച്ചിട്ടില്ല. ഭജന പോലെയുള്ള ഒരു പാട്ടിനെ എങ്ങനെ ഈ വിധം വധിക്കാന്‍ കരണിന് തോന്നിയെന്നറിയില്ല ഇതിന് പകരം വേറെയെന്തെങ്കിലുമൊരു പാട്ട് കരണിന് ആ സീനില്‍ ഉപയോഗിക്കാമായിരുന്നു.... ലതയുടെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.