ഹോളിവുഡ്: ലോകമെങ്ങുമുള്ള മാര്‍വല്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ആവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന്‍റെ കഥ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍.  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ അയണ്‍മാനും ക്യാപ്റ്റന്‍ അമേരിക്കയും ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. 

തന്‍റെ കഥാപാത്രം മരിക്കുമെന്ന സൂചന നേരത്തെ തന്നെ ക്രിസ് ഇവാന്‍സ് ട്വീറ്റിലൂടെ നല്‍കിയിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറില്‍ അയണ്‍മാന്‍ ബഹിരാകാശത്ത് കുടുങ്ങിയിരിക്കുന്നതായി കാണിക്കുന്നുമുണ്ട്. ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന കഥാപാത്രമാകും താനോസിനെ വകവരുത്തുകയെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. ക്യാപ്റ്റന്‍ മാര്‍വെല്ലും താനോസും തമ്മിലുള്ള പോരാട്ടമായി ചിത്രം മാറുന്നതോടെ മറ്റ് കഥാപാത്രങ്ങള്‍ അപ്രധാനമാകും. 

എന്നാല്‍ ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ല. അതു കൊണ്ട് ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന സിനിമ ഈ വര്‍ഷം മാര്‍ച്ചില്‍ എത്തിക്കാനും അതിനു തൊട്ടു പിന്നാലെ ആവഞ്ചേഴ്‌സ് അവസാന ഭാഗം പുറത്തിറക്കാനുമാണ് അണിയറക്കാര്‍ ആലോചിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ തീര്‍ത്തും നാടകീയമായ അവസാനത്തിനു ശേഷം ലോകമെമ്പാടുമുള്ള മാര്‍വെല്‍ ആരാധകര്‍ തീര്‍ത്തും അക്ഷമരായാണ് എന്‍ഡ് ഗെയിമിനായി കാത്തിരിക്കുന്നത്. അടുത്ത മെയ് മാസത്തിലായിരിക്കും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.