ലിബര്‍ട്ടി ബഷീറിന് ഏര്‍പ്പെടുത്തിയ വിലക്ക് സിനിമാ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന നീക്കി. നാളെ മുതല്‍ ബഷീറിന്റെ തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്ന് രാജിവെക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ബഷീര്‍ അംഗീകരിച്ചതോടെയാണ് വിലക്ക് നീങ്ങിയത്.
സിനിമാ മേഖലയിലെ എല്ലാ സംഘടനകളോടും പോരാടിയ ലിബര്‍ട്ടി ബഷീര്‍ ഒടുവില്‍ കീഴടങ്ങി. എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ടായിരുന്ന ബഷീര്‍ സമ്മര്‍ദ്ദത്തിനൊടുവില്‍ സംഘടനയില്‍ നിന്ന് രാജിവച്ചു. ഇതോടെയാണ് തലശ്ശേരിയിലെ ബഷീറിന്റെ തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചത്. താന്‍ സഹായിച്ച ആരും പ്രതിസന്ധി കാലത്തെ ഒപ്പം നിന്നില്ലെന്ന പരാതിയോടെയാണ് ബഷീറിന്റെ രാജി.
നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന ഉണ്ടാക്കിയതോടെയാണ് ലിബര്‍ട്ടി ബഷീറിന്‍റെ സംഘടന പൊളിഞ്ഞത്. ഫെഡറേഷന്‍ അംഗങ്ങളെല്ലാം പുതിയ സംഘടനയിലേക്ക് മാറി, ബഷീറിന്റെ തിയേറ്ററുകള്‍ നാലുമാസമായി അടഞ്ഞുകിടന്നു. ഒടുവില്‍ ഫെഡറേഷനില്‍ നിന്ന് രാജി വെക്കണമെന്ന ആവശ്യത്തിന് ബഷീര്‍ തയ്യാറായി. പുതിയ സംഘടനയില്‍ ചേര്‍ന്നിട്ടില്ല. ഇനി നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നാണ് ബഷീര്‍ പറയുന്നത്.
