തലശേരി: സിനിമ സമരത്തിൽ ഒറ്റപ്പെട്ടതിന് പിന്നാലെ പുതിയ റീലീസുകളും ലഭിക്കാതായതോടെ എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ ലിബർട്ടി ബഷീർ തിയേറ്റർ പൂട്ടി സിനിമ മേഖല വിടുന്നു.തിയേറ്റർ സമുച്ചയം ഷോപ്പിംഗ് മാൾ ആക്കി മാറ്റാനാണ് തീരുമാനം. സംവിധായകൻ രഞ്ജിത്ത് അടക്കം ആപത്തുകാലത്ത് താൻ സഹായിച്ചവരെല്ലാം കൈവിട്ടെന്നും, ഒത്തുതീർപ്പുണ്ടായാൽ മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നും ലിബർട്ടി ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിനിമാ മേഖല സ്തംഭിച്ച വലിയ സമരത്തിനൊടുവിൽ തലശ്ശേരി നഗരമധ്യത്തിലെ ലിബർട്ടി തിയേറ്റർ കോംപ്ലക്സിൽ പുതിയ റിലീസുകൾ നൽകാത്തതിനാൽ ഏതാനും അന്യഭാഷാ, എ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ആറ് സ്‌ക്രീനുകളിൽ മൂന്ന് ഇടത്ത് മാത്രം ഷോ. വലിയ സമരത്തിൽ കൂടെ നിന്നവർക്കു വേണ്ടി ഉറച്ചു നിന്നൊടുവിൽ ഒപ്പമുള്ളവരും കാലുമാറിയതോടെയാണ് ലിബർട്ടി ബഷീർ സിനിമ മേഖല ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. തിയേറ്റർ മാറ്റി ഷോപ്പിംഗ് കോംപ്ലക്സ് ആക്കും.
ഒമ്പത് വര്‍ഷം നയിച്ച എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ സ്ഥാനവും കാലാവധി കഴിയുന്നതോടെ ഒഴിയും. പുതിയ സംഘടനയുടെ തീരുമാനങ്ങൾ അംഗീകരിക്കാതെ ഇനി റിലീസ് ലഭിക്കില്ല എന്നതിനാൽ അതിനു വഴങ്ങാൻ സാധ്യമല്ലാത്തതിനാലാണ് തീരുമാനം. എല്ലാവരും എതിര്‍ത്തിട്ടും ലീല സിനിമ പ്രദർശിപ്പിക്കാൻ ഒറ്റയ്ക്ക് കൂടെ നിന്നിട്ടും സംവിധായകനായ രഞ്ജിത്ത് പോലും ഇപ്പോൾ സഹായത്തിനില്ലെന്നും ബഷീര്‍ പറഞ്ഞു.
ഓഫീസിൽ മേശപ്പുറത്തു ചില്ലിട്ടു വെച്ച താരങ്ങളും ശത്രുപക്ഷത്തോ സുരക്ഷിതമായ മൗനം പാലിക്കുകയോ ചെയ്യുമ്പോൾ, സിനിമയിൽ നിന്നുണ്ടാക്കിയെടുത്ത ലിബർട്ടി എന്ന പേര് മാത്രം അതേപടി നിലനിർത്തി ബഷീർ സിനിമയോട് ഗുഡ്ബൈ പറയുകയാണ്.
