കൊച്ചി: അങ്കമാലി ഡയറീസിലെ ലിച്ചിയായി മലയാളികളുടെ മനംകവർന്ന രേഷ്മ രാജൻ ഇനി മോഹൻലാലിന്‍റെ നായിക. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രേഷ്മ സൂപ്പർതാരത്തിനൊപ്പം അഭിനയിക്കുന്നത്.
ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാല്‍ അധ്യാപകന്‍റെ റോളിൽ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മേയ് അവസാനം ആരംഭിക്കും. അതേസമയം, ചിത്രത്തിന് പേരിട്ടിട്ടില്ല.
അങ്കമാലി ഡയറീസ് കണ്ട മോഹൻലാൽ അണിയറപ്രവർത്തകരെ അഭിനന്ദനമറിയിച്ചിരുന്നു. രേഷ്മ അടക്കമുള്ളവരുടെ പ്രകടനം താരത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.
കളമശേരി രാജഗിരി ആശുപത്രിയിൽ നഴ്സായ രേഷ്മയ്ക്ക് അങ്കമാലി ഡയറീസിനു ശേഷം നിരവധി ഓഫറുകൾ വന്നിരുന്നു. ലാലേട്ടനെ ഏറെ സ്നേഹിക്കുന്ന രേഷ്മയ്ക്ക് ഒടുവിൽ പ്രിയതാരത്തിന്‍റെ നായികയാകാനുള്ള അവസരവും കൈവന്നു.
