കൊച്ചി: അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരരി സംവിധാനം ചെയ്യുന്ന സിനിമയാണ് ഈ മ യൗ.ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കമാണ് ഈ മ യൗ. പേരിലെ കൗതുകമായി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. കൊച്ചിയിലെ ഒരു തീരദേശ ഗ്രാമവും വലിയൊരു ശവപ്പെട്ടിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കിയാണ് ഈ മ യൗ എത്തുന്നത്. രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എഴുത്തുകാരനായ പി എഫ് മാത്യൂസാണ് തിരക്കഥ. നായകന്‍,സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എന്നീ അഞ്ച് സിനിമകളാണ് ലിജോ ഇതുവരെ ഒരുക്കിയത്. 

ഷൈജു ഖാലിദാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. മനു ജഗദ് കലാ സംവിധാനം നിര്‍വഹിക്കുന്നു. ചെല്ലാനത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. രംഗനാഥ് രവിയാണ് ശബ്ദരൂപകല്‍പ്പനയും ശബ്ദ സംവിധാനവും, ദീപു ജോസഫ് ആണ് എഡിറ്റര്‍.