Asianet News MalayalamAsianet News Malayalam

അംബരീഷിന്റെ മരണാനന്തര ചടങ്ങില്‍ മദ്യവും സിഗരറ്റും; വൈറല്‍ ചിത്രത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഇത്തരമൊരു ചടങ്ങില്‍ മദ്യവും സിഗരറ്റും ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ മരിച്ചയാളുടെ ഇഷ്ടാനുസരണമുള്ള വസ്തുക്കള്‍ ചില വിശ്വാസങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സാധാരണമാണെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.

liquor and cigarettes in ambareeshs after death ceremony viral photo
Author
Thiruvananthapuram, First Published Jan 31, 2019, 4:13 PM IST

കന്നഡ നടനും രാഷ്ട്രീയനേതാവുമായിരുന്ന അംബരീഷിന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗരറ്റും പൂജാവസ്തുക്കള്‍ക്കൊപ്പം വച്ചതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു. അംബീഷിന്റെ ഭാര്യയും പ്രശസ്ത അഭിനേത്രിയുമായ സുമലത, അംബരീഷിന്റെ വലിയ ഛായാചിത്രത്തിന് മുന്നില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മരിച്ചയാള്‍ക്ക് ആത്മശാന്തി ലഭിക്കാനെന്ന വിശ്വാസപ്രകാരമുള്ള ചടങ്ങില്‍ അംബരീഷിന്റെ ചിത്രത്തിന് മുന്നില്‍ പൂജാസാധനങ്ങളും ഭക്ഷണവസ്തുക്കളുമൊക്കെയുണ്ട്. ഇതിനൊപ്പമാണ് ഒരു കുപ്പി മദ്യവും സിഗരറ്റ് പാക്കറ്റും ലൈറ്ററുമൊക്കെ ഇടം പിടിച്ചിരിക്കുന്നത്.

ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തിയെങ്കില്‍ അനുകൂലിക്കുന്നവരും ഉണ്ടായിരുന്നു. ഇത്തരമൊരു ചടങ്ങില്‍ മദ്യവും സിഗരറ്റും ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ മരിച്ചയാളുടെ ഇഷ്ടാനുസരണമുള്ള വസ്തുക്കള്‍ ചില വിശ്വാസങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സാധാരണമാണെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ 24നാണ് അംബരീഷ് വിട പറഞ്ഞത്. 1994ല്‍ ജനതാദളിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തി. മൂന്ന് തവണ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു. 2013നും 16നുമിടയില്‍ കര്‍ണാടകയില്‍ സിദ്ധാരാമയ്യ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു.

Follow Us:
Download App:
  • android
  • ios