സിനിമയുടെ ചിത്രീകരണത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനായി ഒരുങ്ങുന്ന സിനിമയിലൂടെ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നുവെന്നതായിരുന്നു ആകാംക്ഷയുടെ കാരണം. അതേകാരണം കൊണ്ടു തന്നെ സിനിമയുടെ കാര്യത്തില്‍ ആശങ്കകളുമുണ്ടായിരുന്നു. എന്നായിരിക്കും സിനിമ തുടങ്ങുക, ആരായിരിക്കും താരങ്ങള്‍, അതിലെല്ലാമുപരിയായി സിനിമ നടക്കുമോ എന്നതൊക്കെയായിരുന്നു ആരാധകരുടെ സംശയങ്ങള്‍. ആ സംശയങ്ങളൊക്കെ മാറി ഇപ്പോള്‍ സിനിമയുടെ ചിത്രീകരണത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
പൃഥ്വിരാജ് ഓട്ടോയില്‍ വന്നിറങ്ങുന്ന രംഗമാണ് വീഡിയോയിലുള്ളത്. മഴയത്ത് ഒരു അംബാസിഡര്‍ കാറിലെക്ക് മോഹൻലാല്‍ കയറുന്നതും വീഡിയോയില്‍ കാണാം
തിരുവനന്തപുരവും മുംബൈയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. കുട്ടിക്കാനത്തും ചില ഭാഗങ്ങള്‍ ചിത്രീകരിക്കും. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കും.
ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാല്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാർക്ക് ഇഷ്‍ടപ്പെടുന്ന ഒരു എന്റർടെയ്നർ. എന്റർടെയ്നർ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. എല്ലാ രീതയിലും മികച്ച സിനിമയായിരിക്കും ലൂസിഫർ- മോഹൻലാല്‍ പറഞ്ഞു.
