ചെന്നൈ: അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളും വേറിട്ടതാക്കാന്‍ ശ്രമിക്കുന്ന നടനാണ് മാധവന്‍. വിവിധ ഭാഷകളിലായി മാധവന്‍ ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ എന്നും സിനാമാസ്വാദകര്‍ക്ക് പ്രിയപ്പെട്ടവയാണ്. മണിരത്നം ചിത്രമായ 'അലൈപായുതെ'യിലൂടെ കാല്‍പനികതയുടെ മനോഹരമായ ആവിഷ്കാരം നടത്തിയ മാധവന്‍ യഥാര്‍ത്ഥ ജീവിതത്തിലെ തന്‍റെ പ്രണയമായ ഭാര്യക്കുവേണ്ടി കുറിച്ച പിറന്നാളാശംസയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ആഘോഷമാക്കുന്നത്. 

ഒക്ടോബര്‍ 15 -ന് ഭാര്യ സരിതയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റാഗ്രമിലൂടെയാണ് നടന്‍  ആശംസകള്‍ അറിയിച്ചത്. 'എന്‍റെ പ്രണയമെ, ഇനിയുള്ള ജീവിതത്തില്‍ ഇതിലും ശോഭയോടെ, മനോഹരമായ നിന്‍റെ പുഞ്ചിരി കാത്തുസൂക്ഷിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിനക്ക് സന്തോഷവും ആരോഗ്യവും നിറഞ്ഞ സുദീര്‍ഘമായ ജീവിതം ആശംസിക്കുന്നു'- ഇരുവരുടെയും ചിത്രം പങ്കുവെച്ച് മാധവന്‍ കുറിച്ചു. 1999 -ലാണ് മാധവനും സരിതയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.