ചെമ്മീനിലെ പരീക്കുട്ടിയെന്ന കഥാപാത്രം പ്രേം നസീറില്‍ നിന്ന് തട്ടിയെടുത്തതിന്റെ രഹസ്യം വെളിപ്പെടുത്തി നടന്‍ മധു.‍ മാനസമൈനേ എന്ന ഗാനത്തില്‍ അഭിനയിച്ചത് കൊണ്ട് പ്രണയനൈരാശ്യമെത്തുന്ന കാമുകന്മാര്‍ക്ക് ഇന്നും താനൊരു ഹീറോ ആണെന്നും മധു പറയുന്നു. തലസ്ഥാനത്ത് സംഘടിപ്പിച്ച ചെമ്മീന്‍ സിനിമയുടെ അമ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തിലാണ് മലയാളത്തിന്റെ കാരണവര്‍ രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ചത്.

പരിക്കുട്ടിയും കറുത്തമ്മയും പളനിയും ചെമ്പന്‍കുഞ്ഞും അങ്ങനെ ചെമ്മീനില്‍ കണ്ട തിരമാലകളുടെ​അലയോലി പോലും ഇന്നും മലയാളിയുടെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. അമ്പത്തിരണ്ടിന്റെ നിറവിലും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന പരീക്കുട്ടിയാകേണ്ടത് ശരിക്കും പ്രേം നസീറ് ആയിരുന്നത്രേ.

നാനൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നിട്ടും മധുവിന്റെ എണ്‍പത്തിനാലാം വയസ്സിലും ആരാധകര്‍ കൂടുതല്‍ പരിക്കൂട്ടിക്ക് തന്നെ.


തിരുവനന്തപുരം ഉദയ സ്യൂട്ടസ് ആണ് ചെമ്മീന്‍ സിനിമയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ചെമ്മീന്‍ ഭക്ഷ്യമേളയും തുടങ്ങിക്കഴിഞ്ഞു.