തങ്ങള്‍ നേരിട്ട ദുരനുഭവം സധൈര്യം വെളിപ്പെടുത്തിയവര്‍ക്കൊപ്പമാണ് അക്കാദമിയെന്ന് പ്രസിഡന്‍റ് എന്‍ മുരളി വ്യക്തമാക്കി. ഇതൊരു നിയമ നടപടിയല്ലെന്നും സംഗീതജ്ഞരെ അക്കാദമി ജഡ്ജ് ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈ: മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഏഴ് സംഗീതജ്ഞരെ മാര്‍ഗഴി സംഗീതോത്സവത്തില്‍നിന്ന് വിലക്കി മദ്രാസ് മ്യൂസിക് അകാദമി. കര്‍ണാടിക് സംഗീത ലോകത്തെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്‍ രവികിരണ്‍, ഒ എസ് ത്യാഗരാജന്‍, മണ്ണാര്‍ഗുഡി എ ഈശ്വരന്‍, ശ്രീമുഷ്ണം വി രാജ റാവു, നാഗൈ ശ്രീറാം, ആര്‍ രമേശ്, തിരുവാരൂര്‍ വൈദ്യനാഥന്‍ എന്നിവരെയാണ് ഡിസംബറില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ മാര്‍ഗഴി മ്യൂസിക് സീസണില്‍നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ ആഴ്ചകളായി കര്‍ണാടിക് സംഗീത ലോകത്തുനിന്ന് മീ ടൂ ആരോപണം ഉയരുന്നുണ്ട്. പേരുവെളിപ്പെടുത്താത്ത ചില വിദ്യാര്‍ത്ഥിനികള്‍ സംഗീതജ്ഞര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചിരുന്നു. തങ്ങള്‍ നേരിട്ട ദുരനുഭവം സധൈര്യം വെളിപ്പെടുത്തിയവര്‍ക്കൊപ്പമാണ് അക്കാദമിയെന്ന് പ്രസിഡന്‍റ് എന്‍ മുരളി വ്യക്തമാക്കി. ഇതൊരു നിയമ നടപടിയല്ലെന്നും സംഗീതജ്ഞരെ അക്കാദമി ജഡ്ജ് ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം സംഗീതജ്ഞന്‍ രവികിരണ്‍ നിഷേധിച്ചു. ആരോപണം തെളിയുന്നതുവരെ ഇനി ഒരു സംഗീത പരിപാടിയും നടത്തില്ലെന്ന് താന്‍ നേരത്തേ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. മീ ടൂ ഒരു നല്ല ആശയമാണ്. എന്നാല്‍ ചിലര്‍ ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. താന്‍ സമൂഹത്തിന് എതിരെ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും രവികിരണ്‍ വ്യക്തമാക്കി.
