തമിഴ് താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് പരാതിയുമായി വൃദ്ധ ദമ്പതികള്‍. ദമ്പതിമാരുടെ ഹര്‍ജിയെ തുടര്‍ന്ന് ധനുഷ് ഹാജരാകണമെന്ന് മധുര ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

അടുത്തവര്‍ഷം ജനുവരി 12ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. പ്രായധിക്യം മൂലം നിത്യച്ചെലവിനു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സിനിമാ നടനായ മകന്‍ പ്രതിമാസം 65,000 രൂപ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂള്‍ പഠന കാലയളവില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികള്‍ ഹര്‍ജിയില്‍ പറയുന്നത്. പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍‌ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ പറയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഫോട്ടോയും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.