മെയ് 9ന് തെലുങ്ക് പതിപ്പ് എത്തി 25 കോടി ബജറ്റുള്ള ചിത്രം

ദുല്‍ഖര്‍ സല്‍മാന്‍റെ തെലുങ്ക് എന്‍ട്രി ചിത്രം മഹാനടി പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി എന്നായിരുന്നു റിലീസ് ദിനം മുതലുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ പ്രേക്ഷപ്രീതി എത്രത്തോളമുണ്ട്? കളക്ഷനില്‍ അത് എങ്ങനെ പ്രതിഫലിച്ചു? മെയ് 9നാണ് ചിത്രത്തിന്‍റെ ഒറിജിനല്‍ തെലുങ്ക് പതിപ്പ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം തമിഴ് പതിപ്പുമെത്തി. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാഴ്ചത്തെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ നിര്‍മ്മാതാവിന് നേട്ടമുണ്ടാക്കിയെന്നുതന്നെയാണ് വിവരം.

കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആദ്യ 14 ദിവസങ്ങളില്‍ ആഗോള മാര്‍ക്കറ്റില്‍ നിന്ന് 60 കോടി നേടിയതായി റിപ്പോര്‍ട്ട്. ആദ്യ ആഴ്ചയില്‍ത്തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് പക്ഷേ സ്ക്രീനുകള്‍ കുറവായിരുന്നു. ആദ്യ ഒന്‍പത് ദിവസങ്ങളില്‍ നേടിയെടുത്തത് 41.80 കോടി. എന്നാല്‍ മറ്റ് വമ്പന്‍ റിലീസുകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ രണ്ടാമത്തെ ആഴ്ച മുതല്‍ ചിത്രത്തിന് കൂടുതല്‍ സ്ക്രീനുകള്‍ ലഭിച്ചു. ആദ്യവാരം ലഭിച്ച മികച്ച മൗത്ത് പബ്ലിസിറ്റി രണ്ടാമത്തെ ആഴ്ചയിലെ കളക്ഷനില്‍ പ്രതിഫലിപ്പിക്കാന്‍ അതിനാല്‍ കഴിഞ്ഞു. രണ്ടാംവാരാന്ത്യത്തില്‍ മാത്രം ചിത്രം 13.20 കോടി നേടിയെടുത്തു.

മുന്‍കാലനടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ബജറ്റ് 25 കോടിയാണ്. എന്നാല്‍ റിലീസിന് മുന്‍പുതന്നെ ചിത്രം നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തിരുന്നു. ആഭ്യന്തര വിതരണാവകാശം വിറ്റ വകയില്‍ ലഭിച്ചത് 20 കോടിയാണ്. ആഗോളവിതരണാവകാശത്തിന് ലഭിച്ചത് 30.03 കോടിയും. അതായത് റിലീസിന് മുന്‍പ് ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്ന് മാത്രമല്ല, മറിച്ച് നിര്‍മ്മാതാവിന് 50 ശതമാനം ലാഭവിഹിതവും നേടിക്കൊടുത്തു. 

ചിത്രം യുഎസില്‍ വലിയ വിജയമാണ് നേടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ചിത്രം യുഎസില്‍ എത്തിച്ച നിര്‍വാണ സിനിമാസ് വരുന്ന ശനി, ഞായര്‍ ദിനങ്ങളില്‍ 55 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയാണ്.

Scroll to load tweet…