ബോക്സ്ഓഫീസില്‍ 60 കോടി നേടിയ ചിത്രം ദുല്‍ഖറിന്‍റെ തെലുങ്ക് എന്‍ട്രി

ദുല്‍ഖര്‍ സല്‍മാന്‍റെ തെലുങ്ക് എന്‍ട്രി ചിത്രം മഹാനടി നിരൂപകശ്രദ്ധയോടൊപ്പം പ്രേക്ഷകപ്രീതിയും നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചകൊണ്ട് നേടിയ 60 കോടി കളക്ഷന്‍ തന്നെ വിജയത്തിന് തെളിവ്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എഡിറ്റിംഗ് സമയത്ത് ഒഴിവാക്കിയ ഒരു സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'മിസ്സിയമ്മ..' എന്നാരംഭിക്കുന്ന ഗാനരംഗത്തിലെ ചിത്രത്തിലില്ലാത്ത ഒരു ഭാഗമാണ് പുറത്തെത്തിയിരിക്കുന്നത്. ടൈറ്റില്‍ റോളിലെത്തിയ കീര്‍ത്തി സുരേഷും ദുല്‍ഖറുമാണ് വീഡിയോയില്‍.

മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. 1950ല്‍ ടോളിവുഡിലൂടെ തന്‍റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. അക്കാലത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ച, ജെമിനി ഗണേശനുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ജെമിനിയുടെ റോളിലാണ് ദുല്‍ഖര്‍.

ചിത്രത്തിന്‍റെ ബജറ്റ് 25 കോടിയാണ്. എന്നാല്‍ റിലീസിന് മുന്‍പുതന്നെ ചിത്രം നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തിരുന്നു. ആഭ്യന്തര വിതരണാവകാശം വിറ്റ വകയില്‍ ലഭിച്ചത് 20 കോടിയാണ്. ആഗോളവിതരണാവകാശത്തിന് ലഭിച്ചത് 30.03 കോടിയും. അതായത് റിലീസിന് മുന്‍പ് ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്ന് മാത്രമല്ല, മറിച്ച് നിര്‍മ്മാതാവിന് 50 ശതമാനം ലാഭവിഹിതവും നേടിക്കൊടുത്തു.