ഭരത് അനെ നേനുവിന് രണ്ടാം ഭാഗം, മനസ് തുറന്ന് മഹേഷ് ബാബു
മഹേഷ് ബാബു നായകനായ ഭരത് അനെ നേനു സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്‌ത ചിത്രം ഇതുവരെയായി 125 കോടി രൂപയുടെ കളക്ഷൻ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ആലോചനയുണ്ടെന്ന് മഹേഷ് ബാബു പറയുന്നു.
ഇത് ഒരു ഗംഭീര സിനിമയായിരിക്കുമെന്ന് കരുതിയിരുന്നു. കാരണം ശിവ സര്‍ മികച്ച കഥ പറച്ചിലുകാരനാണ്. പക്ഷേ ഇത്രയും വലിയ ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ല. കാരണം എപ്പോഴും അന്തിമ വിധി പ്രേക്ഷകരാണ് പറയേണ്ടത്. ഞങ്ങളുടെ സിനിമ ഇങ്ങനെ സ്വീകരിച്ചതിന് നന്ദി. ഇത് ഒരു അഭിമാന നിമിഷമാണ് എനിക്ക്. ചിത്രത്തിലെ ഭരതിനെ പോലുള്ള കഥാപാത്രങ്ങള്‍ അപൂര്‍വമാണ്. എനിക്ക് ഇതുവരെ കിട്ടിയതില്‍ ഏറ്റവും മികച്ച കഥാപാത്രമാണ്. എന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതിന് ശിവയോട് വലിയ നന്ദിയുണ്ട്. അഞ്ച് മണിക്കൂര്‍ സിനിമയാക്കാനുള്ള വിഭവമുണ്ടായിരുന്നു. ഞങ്ങള്‍ അത് എഡിറ്റ് ചെയ്‍ത് ഒരു സിനിമയാക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്, ശിവ സര്‍ സമ്മതിക്കുകയാണെങ്കില്‍- മഹേഷ് ബാബു പറയുന്നു.
കിയര അഡ്വാനി നായികയായ ചിത്രം സമകാലീന രാഷ്‍ട്രീയ കഥയാണ് പറഞ്ഞുവയ്‍ക്കുന്നത്. കോളേജ് ജീവിതത്തിന്റെ നിറങ്ങളിൽ നിന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി പപദത്തിലെത്തുന്ന യുവാവായാണ് മഹേഷ് ബാബു ചിത്രത്തിൽ വേഷമിട്ടത്. അഴിമതിക്കെതിരായ പോരാട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്. ആക്ഷനും പഞ്ച് ഡയലോഗുകളും ഒരുമിക്കുന്നതാണ് ചിത്രം. ശ്രീമന്തുടു എന്ന് സിനിമയ്‍ക്ക് ശേഷം മഹേഷ് ബാബുവും ശിവയും ഒരുമിച്ച ചിത്രം കൂടിയാണ് ഭരത് അനെ നെനു.
ഏപ്രിൽ 20തിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്.
