ഒന്നാം സീസണിൽ നിന്ന് രണ്ടാം സീസണിലേക്കുള്ള യാത്രയെ കുറിച്ച് മഹേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു
അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ ഒടിടിയിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആട്ടത്തിലൂടെ മികച്ച എഡിറ്റർക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് കെസിഎഫിന്റെ എഡിറ്ററും. ഒന്നാം സീസണിൽ നിന്ന് രണ്ടാം സീസണിലേക്കുള്ള യാത്രയെ കുറിച്ച് മഹേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ഉത്തരവാദിത്തം കൂട്ടുന്ന KCF - 2
KCF -2 പക്കാ ടീം വർക്കാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും സഹകരണം എപ്പോഴുമുണ്ടായിരുന്നു. സീസൺ 1 കഴിഞ്ഞു സീസൺ 2 വിലേക്ക് പോകുമ്പോൾ, അതിൽ വർക്ക് ചെയ്ത എല്ലാവർക്കും ഒരുപാട് സബ് പ്ലോട്ടുകൾ വരുന്ന ഫ്രഷായ ഒരു കണ്ടന്റ് കൊടുക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. സീരീസ് വിജയിച്ചാലും പരാജയപ്പെട്ടാലും ശരി, ടെക്നീഷ്യൻസിനെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും വ്യത്യസ്തമായി ചെയ്തു എന്നുള്ള ഫീൽ വരണം. ആ ഒരു സംതൃപ്തി കിട്ടാനായിരുന്നു എല്ലാവരും കാര്യമായി വർക്ക് ചെയ്തത്. പിന്നെ ബാഹുൽ എഴുതിയ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ഇതെങ്ങനെ വിഷ്വലൈസ് ചെയ്യുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. ഒരുപാട് ലെയറുകൾ വരുന്നത് കാരണമാണ് അത്തരത്തിലൊരു ആശങ്ക വന്നത്. എങ്കിലും ഷൂട്ട് പെട്ടെന്ന് തന്നെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് എല്ലാവരും ഒരുപോലെയെടുത്ത തീരുമാനം. ഹോട്ട്സ്റ്റാറിനും ഒറ്റ വായനയോട് കൂടി തന്നെ സ്ക്രിപ്റ്റ് ഓക്കേയായി. അവർ ചെയ്യാമെന്ന് ഏറ്റതോടുകൂടി പെട്ടെന്ന് തന്നെ കാര്യങ്ങൾ നടന്നു.

ബാഹുൽ രമേശിന്റെ സ്ക്രിപ്റ്റ്
ചില സ്ക്രിപ്റ്റുകൾ വായിക്കുമ്പോൾ തന്നെ നമുക്ക് ഒരു ഹൈ മൂഡ് കിട്ടും. പക്ഷേ ഷൂട്ട് ചെയ്തു വരുമ്പോൾ ആ ഒരു ഫീൽ നമുക്ക് കിട്ടില്ല. അതായത് നമ്മുടെ ചിന്തകളും ഡയറക്ടറുടെ വിഷനും തമ്മിൽ നല്ല വ്യത്യാസം ഉണ്ടായിരിക്കും. രണ്ട് പേരുടെയും കാഴ്ചപ്പാടുകൾ വ്യത്യാസ്തമാകുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഈ സീരീസിനെ സംബന്ധിച്ചിടത്തോളം ഞാനെന്തു ചിന്തിച്ചുവോ അതിനുമുകളിൽ നിൽക്കുന്ന ഔട്ടാണ് എനിക്ക് എല്ലായിപ്പോഴും കിട്ടിയിട്ടുള്ളത്. പ്രൊഡക്ഷൻ കോളിറ്റി അത്രമാത്രം മികവുള്ളതായിരുന്നു. ഷൂട്ട് ചെയ്ത റഷ് കാണുമ്പോൾ പോലും ഞാൻ അങ്ങേയറ്റം സംതൃപ്തനായിരുന്നു. ഞാൻ വായിച്ച ഒരു സീൻ പോലും ഷൂട്ട് ചെയ്തതിനു ശേഷം ഡൗൺ ആയി എനിക്ക് ഫീൽ ചെയ്തിട്ടില്ല. അതുപോലെ ബാഹുലിന്റെ സ്ക്രിപ്റ്റ് ഞാൻ ഒറ്റ വായനയിൽ ആണ് തീർത്തത്. പിറ്റേദിവസം സംവിധായകൻ അഹമ്മദ് കബീർ ഈ വർക്കുമായിട്ട് മുൻപോട്ട് പോകണോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒറ്റകാര്യമേ പറഞ്ഞൊള്ളൂ, ഇത് വായിച്ചു തുടങ്ങിയ എനിക്ക് വായന നിർത്താൻ പറ്റിയിട്ടില്ലെങ്കിൽ ഉറപ്പായും സ്ക്രീനിൽ കണ്ടു തുടങ്ങുന്നവർക്ക് ഇത് പൂർത്തീകരിക്കാതിരിക്കാൻ കഴിയില്ല എന്ന്. അത്രയും കൃത്യമായി എഡിറ്റഡ് സ്ക്രിപ്റ്റ് പോലെയാണ് ബാഹുൽ സ്ക്രിപ്റ്റ് എഴുതി വെച്ചിരിക്കുന്നത്.
KCF - 2 വിന് വേണ്ടിയുള്ള ഒരുക്കങ്ങൾ
സീസൺ വൺ ഹിറ്റ് ആയതു കാരണം സീസൺ 2വിനെ പ്രേക്ഷകർ ആദ്യത്തെതുമായി താരതമ്യം ചെയ്യുമോ എന്നുള്ള പേടിയുണ്ടായിരുന്നു. പക്ഷെ ഫസ്റ്റ് കട്ട് ഒക്കെ കഴിഞ്ഞു ഫൈനൽ സ്റ്റേജ് എഡിറ്റിങ്ങിനു വേണ്ടി ഇരിക്കുമ്പോൾ എനിക്ക് വളരെയധികം പോസിറ്റിവിറ്റി ഫീൽ ചെയ്തു. നമ്മൾ നോബിളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. നോബിൾ ഒരു പുതിയ എസ്ഐ ആണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് യാതൊരുവിധ മുൻവിധിയും ഇല്ലാതെ ആ കഥാപാത്രത്തിലേക്കും കഥയിലേക്കും ഇറങ്ങാൻ പറ്റി. വാസ്തവത്തിൽ ആ കഥാപാത്രത്തിനോടൊപ്പമാണ് പ്രേക്ഷകർ സഞ്ചരിച്ചത്. യാതൊരുവിധ മുൻവിധിയും ഇല്ലാതെ കഥാപാത്രത്തിന്റെ കൂടെ പ്രേക്ഷകർക്ക് ലൈവ് ആയി സഞ്ചരിക്കാൻ പറ്റുക എന്നുള്ളത് വളരെയധികം പോസിറ്റീവായ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. അതുപോലെ ബാഹുൽ എഴുതിയ തിരക്കഥയുടെ ഡെപ്ത് നല്ലപോലെ ഫോളോ ചെയ്യാൻ എനിക്ക് പറ്റിയിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ ഇമോഷൻസിനപ്പുറത്തേക്ക് സബ്പ്ലോട്ടിൽ വരുന്ന കഥാപാത്രങ്ങളുടെയും ഇമോഷൻസിന് വളരെയധികം പ്രാധാന്യമുണ്ട് ഈ സീരീസിൽ. കൂടാതെ സ്ക്രിപ്റ്റ് വായിക്കുമ്പോഴേ ശ്രദ്ധിച്ച കാര്യമാണ് ഒരു സീൻ കഴിഞ്ഞു മറ്റൊരു സീനിലേക്ക് പോകുമ്പോൾ അതിലേക്ക് പുതിയ കഥാപാത്രങ്ങളാണ് ആഡ് ആവുന്നതെന്ന്. പക്ഷെ ആ പുതിയ കഥാപാത്രം ഒരിക്കലും പുതിയതായി വരുന്നതും അല്ല. അയാൾ മുൻപു ചെയ്തിരുന്ന കാര്യത്തിന്റെ തുടർച്ച പോലെയാണ് നമ്മൾ അത് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. അതായത് അത്തരം കഥാപാത്രങ്ങളെ കൊണ്ട് യാതൊരുവിധ ഇൻട്രൊഡക്ഷൻ പരിപാടിയും നമ്മൾ ചെയ്യിപ്പിച്ചിട്ടില്ല. അതിനുവേണ്ടി എഡിറ്റിംഗിൽ നല്ല പോലെ പണി ചെയ്തിട്ടുണ്ട്.
പാളി പോകുമായിരുന്ന ചില ശ്രമങ്ങൾ
ബാഹുലും ഞാനും ജിതിനും ഒക്കെ പെറ്റ് ലൗവേഴ്‌സ് ആണ്. സ്ക്രിപ്റ്റിൽ പറയുന്ന ഇമോഷൻ യൂണിവേഴ്‌സൽ ആണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ ആ വിഷയത്തിൽ വലിയ പേടിയൊന്നും തോന്നിയില്ല. പിന്നീട്, ഇതിൽ പറയുന്ന ചില സംഭവങ്ങൾ മുൻപ് നടന്നിട്ടുണ്ട് എന്ന് ഇന്റർനെറ്റ് വഴി സെർച്ച് ചെയ്തപ്പോൾ മനസ്സിലാക്കാൻ പറ്റി. ഡോഗ്‍ സ്‍ക്വാഡിലെ ഒരു ഡോഗ് മരിച്ചിട്ട് അതിന്റെ ഹാൻഡർ നിന്ന് കരയുന്ന ഒരു വിഷ്വൽ ഒക്കെ ഞങ്ങൾ അങ്ങനെയാണ് കാണുന്നത്. അത് ഞങ്ങളെ വളരെയധികം ഹുക്ക് ചെയ്തു. അതോടുകൂടി ഈ കഥ ആളുകൾക്ക് വർക്ക് ആകുമെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി. പിന്നെ എല്ലാ എപ്പിസോഡുകളിലും കുറച്ചു കുറച്ചു കാര്യങ്ങളെ പറയുന്നുള്ളൂ. നാലാമത്തെ എപ്പിസോഡിലാണ് എല്ലാത്തിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ശ്രമങ്ങൾ വരുന്നത്. അതുകൊണ്ടുതന്നെ നാലാമത്തെ എപ്പിസോഡ് വരെയ്ക്കും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട്.

സൗണ്ട് ആൻഡ് എഡിറ്റിംഗ്
സീസൺ 1 ചെയ്ത സമയത്ത് അത്യാവശ്യം ഹെവി ആയിട്ടുള്ള സൗണ്ട് ഉപയോഗിച്ചിരുന്നത്.പക്ഷെ ഇതിലോട്ട് വരുമ്പോൾ ഒരു പെയിൻ സംഭവം ഒക്കെ ഇതിൽ കൊണ്ടുവരണം എന്നുള്ള തീരുമാനം ഉണ്ടായിരുന്നു. എന്നാൽ സ്ക്രിപ്റ്റ് അത്രേം പെർഫെക്റ്റ് ആയി നിൽക്കുമ്പോൾ അതിനുമുകളിലോട്ട് നിൽക്കുന്ന മ്യൂസിക് ചെയ്താൽ പ്രേക്ഷകരുടെ ശ്രദ്ധ മ്യൂസിക്കിലേക്ക് മാറിപ്പോകും. അത് ചിലപ്പോൾ അപകടമാകും എന്നുള്ള ചിന്ത കാരണം സ്മൂത്ത് വേയിലൂടെയാണ് അവസാനം വരെ കൊണ്ട് പോകാമെന്നു വിചാരിച്ചത്. അതായത് പ്രേക്ഷകർക്ക് കഥയിലേക്ക് എത്താനുള്ള സാവകാശം കൊടുക്കണം. പിന്നെ എഡിറ്റിംഗ് കാര്യം പറയുകയാണെങ്കിൽ സിനിമയെക്കാൾ കുറച്ചു കൂടി ഡിസൈൻ ചെയ്താണ് നമ്മൾ സീരിസ് ചെയ്യുന്നത്. പ്രീ പ്രൊഡക്ഷൻ തന്നെ ഏകദേശം 2 മാസത്തെ പ്രോസസ് ഉണ്ട്. ഒടിടിയിൽ സ്ക്രിപ്റ്റ് കൊടുത്തവിടന്ന് അപ്പ്രൂവൽ കിട്ടിയിട്ടാണ് നമ്മൾ ഷൂട്ട് തുടങ്ങുന്നത്. പിന്നെ ഇതിലെ പട്ടിയുടെ ഒരു ഭാഗം പോലും സിജി അല്ല. അതെല്ലാം ട്രെയിൻഡ് ഡോഗ്‍സാണ്. എല്ലാം ഒറിജിനലാണ്. സാധാരണ സിനിമകൾക്ക് വരുന്നതുപോലെയുള്ള ചെറിയ ചെറിയ സിജികളാണ് നമ്മൾ ഉപയോഗിച്ചിട്ടുള്ളത്.
KCF ഉണ്ടാക്കിയ മാറ്റങ്ങൾ
എന്റെ കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയ വർക്കാണ് ആട്ടം. അതും ഈ വെബ് സീരീസും ഒരുപോലെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ സീരീസ് ഇറങ്ങുന്ന സമയത്ത് മറ്റു സംസ്ഥാനങ്ങളിലുള്ള ആളുകളും എനിക്ക് മെസ്സേജ് ചെയ്തിട്ടുണ്ട്. സിനിമയെ അപേക്ഷിച്ചു ഒടിടി സീരീസിന് റീച്ച് കൂടുതലാണ്. പിന്നെ സീസൺ 2 വന്നപ്പോ വലിയ സന്തോഷം തോന്നി. ഷൂട്ട് കഴിഞ്ഞ് ഏകദേശം ഒരു വർഷം ഈ വർക്ക് എന്റെ കയ്യിലിരുന്നിട്ടുണ്ട്. അതിനിടയിൽ വർക്കിന്റെ ഭാഗമായി ഒരുപാട് തവണ എനിക്ക് ഇത് കാണേണ്ടിയും വന്നിട്ടുണ്ട്. സ്വാഭാവികമായും അങ്ങനെ കാണേണ്ടി വരുമ്പോൾ ആ വർക്കിനെ പറ്റിയുള്ള നമ്മുടെ വിലയിരുത്തൽ കുറഞ്ഞു കുറഞ്ഞു വരും. അങ്ങനെ നിൽക്കുന്ന സമയത്താണ് ഇത് ഹോട്ട് സ്റ്റാറിൽ വരുന്നത്. അതിന് കിട്ടുന്ന സ്വീകാര്യത കണ്ട് ഞാൻ സന്തോഷിച്ചു. ആ സമയത്ത് നമ്മൾക്ക് ഈ വർക്കിനെ കുറിച്ച് ഏറ്റവും തുടക്കത്തിൽ ഉണ്ടായിരുന്ന റിയൽ ജഡ്ജ്മെന്റലിലേക്ക് നമ്മള് തിരിച്ചു പോകും.
ട്രെയിലർ കട്ട് ചെയ്യുന്ന എഡിറ്റർ
തുടരും, ആലപ്പുഴ ജിംഖാന, സർക്കീട്ട് തുടങ്ങിയ 50 ഓളം സിനിമകൾക്ക് ട്രെയിലർ കട്ട് ചെയ്തിട്ടുണ്ട്. തരുൺമൂർത്തി സംവിധാനം ചെയ്ത മൂന്നു സിനിമകളുടെയും ട്രെയിലർ കട്ട് ചെയ്തിട്ടുള്ളത് ഞാനാണ്. ട്രെയിലർ കട്ട് ചെയ്യുന്ന സമയത്ത് ചില സംവിധായകർ അവർ ഉദ്ദേശിക്കുന്ന രീതിയെക്കുറിച്ച് നമ്മളോട് പറയും. എന്നാല്‍ ചില സംവിധായകർ ഒരു നിർദേശവും പറയില്ല. മഹേഷിന്റെ ഇഷ്ടം പോലെ ചെയ്യാനാണ് പറയുക. എന്നാലും ട്രെയിലറിൽ എനിക്കൊരു ഹൈ കിട്ടാറുണ്ട്. കാരണം അവിടെ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കും. അതായത് തുടക്കം തൊട്ട് അവസാനം വരെ നമ്മൾ ഡിസൈൻ ചെയ്ത ഒരു സാധനമാണ് നമുക്ക് ട്രെയിലറാക്കാൻ പറ്റുന്നത്. പിന്നെ ചില സംവിധായകർ അവർക്ക് സ്പോയ്ലർ എന്ന് തോന്നുന്ന കാര്യങ്ങളൊക്കെ നമ്മളോട് മാറ്റാൻ പറയാറുണ്ട്. അതുപോലെ അവർക്ക് ഇഷ്ടപെട്ട കാര്യങ്ങളൊക്കെ ആഡ് ഓൺ ചെയ്യാൻ പറയാറുണ്ട്. തുടരും സിനിമയിൽ രണ്ട് ട്രെയിലർ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ ട്രെയിലർ ഫാമിലിയെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു കൂടുതലായും കാണിച്ചു പോയിട്ടുള്ളത്. രണ്ടാമത്തെ ട്രെയിലർ ആഫ്റ്റർ റിലീസ് കാണിക്കാൻ ആയിരുന്നു ഉദേശിച്ചത്. പിന്നെ സിനിമ മൊത്തം കണ്ടു കഴിഞാണ് ട്രെയിലർ കട്ട് ചെയ്യാറുള്ളത്. സൗദി വെള്ളക്കയുടെ ട്രെയിലർ കട്ട് ചെയ്യുമ്പോൾ 7 ദിവസം യാതൊരു ഐഡിയയും കിട്ടാതെ ഞാൻ ഇരുന്നു. ഏഴാമത്തെ ദിവസം കഴിഞ്ഞിട്ടാണ് ഞാൻ ആ ട്രെയിലർ കട്ട് ചെയ്യുന്നത്. അതായത് ചില ആശയങ്ങളൊക്കെ പെട്ടെന്ന് വരും. ചിലത് വന്നെത്താൻ ഭയങ്കര പാടാണ്. ചില സിനിമകൾക്ക് ട്രെയിലർ കട്ട് ചെയ്യാൻ പറ്റാതെ ഒഴിഞ്ഞു മാറേണ്ടിയും വന്നിട്ടുണ്ട്. നല്ല ഫോക്കസ് ഉണ്ടെങ്കിൽ മാത്രമേ എനിക്കത് ചെയ്യാൻ പറ്റൂ.

അഹമ്മദ് കബീറുമായുള്ള കൂട്ടുകെട്ട്
ഞാൻ ആദ്യമായി സ്വതന്ത്ര എഡിറ്റർ ആവുന്നത് അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം സിനിമയിലൂടെയാണ്. അതിനുമുൻപ് ഞങ്ങൾ മഴവിൽ മനോരമയിൽ ഒരുമിച്ചുണ്ടായിരുന്നു. അഹമ്മദിന്റെ രണ്ടാമത്തെ സിനിമയിലൂടെയാണ് ഞാൻ സിനിമയിൽ എത്തുന്നത്. ഞങ്ങൾ ഒരുമിച്ചു മൂന്ന് വർക്കുകൾ ചെയ്തു. അഹമ്മദിന്റെ വർക്കിംഗ് പാറ്റേൺ ഏകദേശം എനിക്കറിയാം. അതുപോലെ കൊള്ളില്ല എന്ന് തോന്നിയാൽ അഹമ്മദ് കൃത്യമായി മുഖത്ത് നോക്കി പറയും. കൂടാതെ ഞാൻ ചെയ്ത ഏത് വർക്കിനെ പറ്റിയും അഹമ്മദ് തുറന്ന അഭിപ്രായം പറയും. അത് വളരെയധികം പോസിറ്റീവ് ആയ കാര്യമാണ്.
പുതിയ പ്രൊജക്റ്റ്
ഗോളം സിനിമയുടെ സംവിധായകന്റെ പുതിയ സിനിമയാണ് പുതിയ വർക്ക്. അതിനോടൊപ്പം ചില ട്രെയിലർ കട്ടുകളും ചെയ്യുന്നുണ്ട്.

