ബംഗലൂരു: ഇന്ത്യയില്‍ എങ്ങും തരംഗമായ കെജിഎഫ് ചാപ്റ്റർ 2 സഞ്ജയ് ദത്ത് വില്ലനായി എത്തും. നായകനായ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഭാഗത്ത്  അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ മറ്റു സിനിമകളുടെ തിരക്കായതിനാല്‍ അദ്ദേഹത്തിന് പടത്തില്‍ സഹകരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അദ്ദേഹം ഉറപ്പായും ഉണ്ടാകും യാഷ് പറഞ്ഞു.

കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. കെജിഎഫ് കന്നഡ ചിത്രമാതായതിനാലാണ് സഞ്ജയത് ദത്ത് ആദ്യ ഭാഗത്തിൽ അഭിനയിക്കാതിരുന്നതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു. 

കന്നഡതാരം യഷിനെയും അധികമാർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം ഇന്ത്യമുഴുവൻ തരംഗമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഭാഗത്തിനായി ദത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ 21നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങി. കർണാടകയിൽ ആദ്യദിനം 350 സ്ക്രീനുകളിലും ബെംഗളൂരുവിൽ 500 പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു.

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.