ദില്ലി:പതിനെട്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2016 ലാണ് ബോളിവുഡ് താര ദമ്പതികളായ മലൈക്ക അറോറയും അര്‍ബാസ് ഖാനും വിവാഹമോചിതരാകുന്നത്. സാമൂഹ മാധ്യമങ്ങളില്‍ ഇവരുടെ വേര്‍പിരിയില്‍ വലിയ വാര്‍ത്തയാകുകയും മലൈക്ക വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. 43 കാരിയാണ് മലൈക്ക അറോറ.

വിവാഹമോചനം കഴിഞ്ഞ് ഒരു വര്‍ഷമായെങ്കിലും സോഷ്യല്‍ മീഡിയ ഇവരെ വെറുതെ വിടാനുദ്ദേശിച്ചിട്ടില്ല. മലൈക്കയുടെ പുതിയ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫറായ ബിയാനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് വളരെ മോശം പ്രതികരണം ഒരാള്‍ കമന്‍റായി പോസ്റ്റ് ചെയ്തു. മുന്‍ ഭര്‍ത്താവിന്‍റെ പണം ധൂര്‍ത്തടിക്കുകയാണ് മലൈക്ക എന്നായിരുന്നു കമന്‍റിന്‍റെ ഉള്ളടക്കം.

ഒരു പണക്കാരനെ കല്ല്യാണം കഴിക്കുകയും പിന്നീട് വലിയൊരു ജീവനാംശം വാങ്ങി അയാളുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്യുകയാണ് ഈ സ്ത്രീ ചെയ്തത്. നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ കഴിവുണ്ടെങ്കില്‍ എന്തിനാണ് ജീവനാംശം വാങ്ങുന്നത്? ജിമ്മുകളിലും പാര്‍ലറുകളിലും പോവുകയും കുട്ടിയുടുപ്പുകള്‍ ഇടുകയും മാത്രമാണ് ഇവരുടെ ജോലി. നിങ്ങള്‍ക്ക് വേറെ ജോലിയില്ലേ? നിങ്ങളുടെ മുന്‍ ഭര്‍ത്താവിന്‍റെ പണം ഉപയോഗിച്ച് നിങ്ങള്‍ തിന്ന് സുഖിക്കുകയാണോ ? .ഇത്തരത്തില്‍  പ്രതികരണത്തിലുടനീളം മലൈക്കയെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.

എന്നാല്‍  തകര്‍പ്പന്‍ മറുപടിയിലൂടെ അയാളുടെ വായടപ്പിച്ചിരിക്കുകയാണ് മലൈക്ക അറോറ. ഇത്തരം സംഭാഷണങ്ങളില് താന്‍ ഇടപെടാറില്ലെന്നും കാരണം അതെന്‍റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുമെന്നാണ് മലൈക്ക പറഞ്ഞ‍ത്. നിങ്ങള്‍ക്ക് എന്നെ പറ്റി അറിയില്ലാത്ത കാര്യങ്ങള്‍ പറയരുതെന്നും അല്ലെങ്കില്‍ വ്യക്തമായി കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രം പറയുക എന്നുമാണ് മലൈക്ക പ്രതികരിച്ചു. നിങ്ങള്‍ നിങ്ങളുടെ സമയം നന്നായി വിനിയോഗിക്കാന്‍ ശ്രമിക്കണമെന്നൊരു നിര്‍ദ്ദേശവും കൊടുത്താണ്   മലൈക്ക തന്‍റെ മറുപടി നിര്‍ത്തുന്നത്.