Asianet News MalayalamAsianet News Malayalam

ഇക്കാരണങ്ങളാല്‍ നിങ്ങള്‍ 'പേരന്‍പ്' കാണണം; ഈ സംവിധായകര്‍ പറയുന്നു

സിബി മലയില്‍, കമല്‍, സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, ജോഷി, രഞ്ജി പണിക്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി, എസ് എന്‍ സ്വാമി, നിവിന്‍ പോളി, ബി ഉണ്ണികൃഷ്ണന്‍, നാദിര്‍ഷ, രഞ്ജിത്ത് ശങ്കര്‍, ഹനീഫ് അദേനി, രമേശ് പിഷാരടി, ആന്റോ ജോസഫ്, അനു സിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങി പ്രശസ്തരുടെ നീണ്ട നിരയുണ്ടായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂവിന്. ചിത്രം കണ്ടതിന് ശേഷമുള്ള പ്രമുഖരുടെ അഭിപ്രായപ്രകടനങ്ങള്‍ ഇങ്ങനെ

malayalam directors about peranbu
Author
Thiruvananthapuram, First Published Jan 28, 2019, 6:23 PM IST

മലയാളികളായ സിനിമാപ്രേമികളില്‍ 'പേരന്‍പി'നോളം കാത്തിരിപ്പേറ്റിയ ഒരു ചിത്രം സമീപകാലത്ത് സംഭവിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ ആയിരുന്നു. ഇപ്പോഴിതാ ഫെബ്രുവരി ഒന്നിന് നടക്കുന്ന തീയേറ്റര്‍ റിലീസിന് മുന്നോടിയായി ഇന്നലെ ചിത്രത്തിന്റെ കേരള പ്രിവ്യൂ പ്രദര്‍ശനവും നടന്നു. മലയാളസിനിമയിലെ പ്രമുഖ സംവിധായകരൊക്കെ പങ്കെടുത്ത പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് ഉയര്‍ന്നത്. സിബി മലയില്‍, കമല്‍, സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, ജോഷി, രഞ്ജി പണിക്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി, എസ് എന്‍ സ്വാമി, നിവിന്‍ പോളി, ബി ഉണ്ണികൃഷ്ണന്‍, നാദിര്‍ഷ, രഞ്ജിത്ത് ശങ്കര്‍, ഹനീഫ് അദേനി, രമേശ് പിഷാരടി, ആന്റോ ജോസഫ്, അനു സിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങി പ്രശസ്തരുടെ നീണ്ട നിരയുണ്ടായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂവിന്. ചിത്രം കണ്ടതിന് ശേഷമുള്ള പ്രമുഖരുടെ അഭിപ്രായപ്രകടനങ്ങള്‍ ഇങ്ങനെ

രണ്‍ജി പണിക്കര്‍- ഭൂമിയില്‍ ചില ഇടങ്ങള്‍ ഒരു കൈ കൊണ്ട് മണ്ണ് മാറ്റിയാല്‍ വെള്ളം കിനിഞ്ഞുവരുന്നത് കാണാം. ആയിരം അടി താഴേക്ക് തുരന്ന് പോയാലും ജലസമൃദ്ധമായിരിക്കും. മമ്മൂട്ടി എന്ന നടന്‍ നമ്മള്‍ ഒരിഞ്ച് സ്പര്‍ശിച്ചാലും അഭിനയസമൃദ്ധമായ ഒരു ഭൂമിയാണ്. ആയിരം അടി താഴേക്ക് പോയാലും അത് അങ്ങനെതന്നെ. മലയാളത്തിലെ സഹപ്രവര്‍ത്തകരായ ഞങ്ങളെപ്പോലെയുള്ളവരെ അതിശയിപ്പിക്കുന്ന അദ്ദേഹത്തിന്റെ എക്കാലത്തെയും യാത്രയിലെ ഏറ്റവും പുതിയ അധ്യായമാണ് പേരന്‍പ്. എത്ര കോരിയെടുത്താലും തുളുമ്പാത്ത അഭിനയത്തിന്റെ അക്ഷയഘനിയാണ് മമ്മൂട്ടിയെന്ന് തെളിയിക്കുന്നു പേരന്‍പ് എന്ന സിനിമ. മമ്മൂട്ടിയെ ഇന്‍ഫിനിറ്റ് ആക്ടര്‍ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

ബി ഉണ്ണികൃഷ്ണന്‍- ഏറ്റവും തീക്ഷ്ണമായ ഒരു വൈകാരികാനുഭവമായിരുന്നു ഞങ്ങള്‍ക്കെല്ലാം പേരന്‍പ്. ഏറ്റവും സൂക്ഷ്മമായ വൈകാരികലോകത്തേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകാന്‍ മമ്മൂക്ക കഴിഞ്ഞേ മറ്റൊരു നടനുള്ളൂ. അത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് പേരന്‍പ്. ഏറെക്കാലത്തിന് ശേഷം ഞങ്ങള്‍ ആരാധനയോടെ നോക്കിക്കാണുന്ന മമ്മൂക്കയെ ഞങ്ങള്‍ക്കുതന്നെ തിരിച്ചുതന്ന സിനിമയാണ് പേരന്‍പ്. അതിന് മലയാളം ഫിലിം ഇന്‍ഡസ്ട്രി ഒന്നാകെ റാമിനോട് കടപ്പെട്ടിരിക്കുന്നു. 

സിബി മലയില്‍- ഈ സിനിമയെക്കുറിച്ച് എനിക്ക് ഒറ്റവാക്കില്‍ മാത്രമേ പറയാനാവുന്നുള്ളൂ. എന്നെ വല്ലാതെ ഉലച്ചുകളഞ്ഞ സിനിമയാണ് ഇത്. ഇത്തരമൊരു സിനിമ അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. അതിഗംഭീരമായ ഫോട്ടോഗ്രഫി, ലൊക്കേഷന്‍സ്, തിരക്കഥ, സംവിധാന മികവ്, അതോടൊപ്പം ബ്രില്യന്റ് ആയിട്ടുള്ള ആക്ടിംഗ്. മമ്മൂട്ടിയുടെ പറഞ്ഞാലും തീരാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പേരന്‍പ്. 

ബാലചന്ദ്രന്‍ ചുള്ളിക്കാട്- മനുഷ്യരാശി എന്ന് നാം പറയാറുണ്ട്. അതില്‍ പണ്ട് കറുത്ത മനുഷ്യരെ, ഏഷ്യക്കാരെ, സ്ത്രീകളെ, ട്രാന്‍സ്ജെന്‍ഡേഴ്സിനെ അങ്ങനെയുള്ളവരെയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുപതാം നൂറ്റാണ്ട് ഇവരെയെല്ലാം മനുഷ്യരാശിയില്‍ ഉള്‍പ്പെടുത്തി. ഈ ഭൂമിയുടെ സമസ്ത സൗന്ദര്യവും ഭിന്നശേഷിക്കാരായ മനുഷ്യര്‍ക്കുകൂടി അടിവരയിടുന്നുണ്ട് ഈ നൂറ്റാണ്ട്. ആ ജീവിതങ്ങള്‍ക്ക് കണ്ണുനീരും കാരുണ്യവുംകൊണ്ട് അടിവരയിട്ടിരിക്കുകയാണ് ഈ ചിത്രം. ആ നിമിഷങ്ങലെ സാര്‍ഥകമാക്കിയിരിക്കുകയാണ് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നടന്മാരില്‍ ഒരാളായ മമ്മൂക്ക. നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കും ഈ ചിത്രം. 

സത്യന്‍ അന്തിക്കാട്- ഈ സിനിമ കണ്ട് അതിശയിച്ചുപോയി. റാമിനാണ് ആദ്യമായി നന്ദിയും അഭിനന്ദനവും. കാരണം ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു വിഷയം സിനിമയാക്കാന്‍ ഞാന്‍ ധൈര്യപ്പെടില്ല. ഒരു പുതുമുഖത്തിന്റെ അതിഗംഭീരമായ അഭിനയവുമുണ്ട് ഈ ചിത്രത്തില്‍. അത് മറ്റാരുമല്ല, മലയാളത്തിലെ എക്കാലത്തെയും പുതുമുഖമായ മമ്മൂട്ടിയാണ്. പ്രാഞ്ചിയേട്ടന്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നിയിരുന്നു. 

കമല്‍- ഈ സിനിമ കണ്ടതിന്റെ വിങ്ങല്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാറിയിട്ടില്ല. അപൂര്‍വ്വമായേ ഒരു സിനിമ അത്തരമൊരു അനുഭവം തരാറുള്ളൂ. ഇത്ര ആര്‍ദ്രമായ സിനിമകള്‍ക്കേ മനസില്‍ ഏറെക്കാലം നില്‍ക്കാനാവൂ. റാം എന്തുകൊണ്ടാവും മമ്മൂക്കയെ തെരഞ്ഞെടുത്തത്? തമിഴില്‍ മികച്ച നടന്മാര്‍ ഇല്ലാത്തതുകൊണ്ടല്ലല്ലോ. പക്ഷേ സൂക്ഷ്മാംശങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു നടനാണ് മമ്മൂട്ടി. അത് കൃത്യമായി ബോധ്യമുള്ള സംവിധായകരാണ് ഇന്ത്യയിലെ മറ്റ് ഭാഷകളില്‍. മമ്മൂക്കയ്ക്ക് ആദ്യ രണ്ട് ദേശീയ അവാര്‍ഡുകള്‍ മലയാളത്തില്‍ നിന്നായിരുന്നു. മൂന്നാമത്തെ അവാര്‍ഡ് അംബേദ്കര്‍ എന്ന മറാഠി സിനിമയില്‍ നിന്നായിരുന്നു. അതുപോലെ മറ്റൊരു ദേശീയ അവാര്‍ഡിനുവേണ്ടി റാം മമ്മൂക്കയെ തേടിയെത്തിയിരിക്കുകയാണ്. 

നിവിന്‍ പോളി- വലിയ നന്മയുള്ള സിനിമയാണ് പേരന്‍പ്. ഇത്തരമൊരു സിനിമ നല്‍കിയതിന് റാമിന് നന്ദി. മമ്മൂക്ക ഗംഭീരമായിരുന്നു. 

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂക്കയുടെ സിനിമകളുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ കണ്ഠമിടറിയാല്‍, കണ്ണൊന്ന് നിറഞ്ഞാല്‍ നമ്മുടെ കണ്ണും നിറയും. പേരന്‍പില്‍ അത് സഭവിച്ചു. ജീവിതത്തില്‍ സൗഭാഗ്യങ്ങളൊന്നും ലഭിക്കാത്ത ഒരുപാട് വിഭാഗങ്ങളുണ്ട് സമൂഹത്തില്‍. ത്തരം കാര്യങ്ങളിലേക്ക് നോക്കുകയും അത്തരം ജീവിതങ്ങള്‍ നമ്മുടേതുമായി എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയുകയുമാണ് പേരന്‍പ്. 

അനു സിത്താര- മമ്മൂക്കയുടെ വലിയ ആരാധികയാണ് ഞാന്‍. ആദ്യമായി മമ്മൂക്കയെ നേരില്‍ കാണുന്നത് പേരന്‍പിന്റെ ചെന്നൈ ലൊക്കേഷനില്‍ വച്ചാണ്. പിന്നീട് മമ്മൂക്കയെ കാണുമ്പോഴെല്ലാം എന്നാണ് റിലീസ് എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. 

എസ് എന്‍ സ്വാമി- എന്നെ ഒരുപാട് വിഷമിപ്പിച്ച സിനിമയായിരുന്നു തനിയാവര്‍ത്തനം. ആ സിനിമ കണ്ട് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. അന്ന് ഞാന്‍ ഒരു അഹങ്കാരം പോലെ തീരുമാനിച്ചിരുന്നു ഇനി ഒരു സിനിമ കണ്ടാലും ഇമോഷണല്‍ ആവില്ലെന്ന്. പക്ഷേ പേരന്‍പിന് മുന്നില്‍ ഞാന്‍ തോറ്റു. 

Follow Us:
Download App:
  • android
  • ios