മലയാള സിനിമകള്‍ വീണ്ടും പാമ്പായി മാറുന്നു. പൂട്ടിക്കിടന്ന ബാറുകള്‍ തുറന്നതോടെ മദ്യത്തിന്‍റെ ഉപയോഗം മലയാള സിനിമകളില്‍ എടുത്ത കാണിക്കത്തക്ക വിധത്തിലുള്ളതാണെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത എല്ലാ മലയാള സിനിമകളും കാണിക്കുന്നു.

സന്തോഷത്തിലും സങ്കടത്തിലും മറ്റ് ആഘോഷ പരിപാടികള്‍ക്കും ചങ്ക്‌സായി കൂടെയുള്ളത് മദ്യം തന്നെയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത 'ചങ്കസ്' എന്ന സിനിമ എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് തുടങ്ങി കല്യാണത്തില്‍ അവസാനിക്കുന്നതാണ്. ചില ക്യാംപസ് തമാശകളിലൂടെ കടന്നു പോകുന്ന സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ മദ്യം കൂട്ടായി നില്‍ക്കുന്നത് കാണാം. കാംപ്യസ് സൗഹൃദവും പ്രണയവും വിരഹവുമെല്ലാം ആഘോഷമാക്കി മാറ്റുന്നത് മദ്യത്തിനെ മാത്രം ആശ്രയിച്ചാണ്. ഒരാളുടെ ദിവസം തുടങ്ങുന്നതു പോലും മദ്യത്തില്‍ നിന്നാണെന്ന് ഈ സിനിമ കാണിക്കുന്നു. സിനിമയില്‍ നായകന്റെ അമ്മ പോലും മദ്യം വാങ്ങി വന്ന് ആഘോഷിക്കുന്നുവെന്നു പറയുന്ന സംഭാഷണവും മലയാളിയുടെ മദ്യാസക്തിയെയാണ് കാണിക്കുന്നത്. 

 കുറച്ച് കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍റെ വര്‍ണ്യത്തില്‍ ആശങ്ക. ഒന്നോ രണ്ടോ ദിവസത്തെ കാര്യങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നതെങ്കിലും മദ്യാസക്തിയെ എടുത്തു കാണിക്കുന്ന ഒരു സിനിമ കൂടിയാണിത്. ഹര്‍ത്താല്‍ മദ്യത്താല്‍ ആഘോഷിക്കുന്ന മലയാളികളെ ഈ സിനിമയില്‍ നമുക്ക് കാണാന്‍ കഴിയും. ബിബറേജിന് മുന്നിലെ നിരയും വെള്ളമടിയുമൊക്കെ സിനിമയുടെ പ്രമേയങ്ങളായി മാറുമ്പോള്‍ മദ്യത്തില്‍ മുങ്ങുന്ന മലയാളിയെയാണ് സിനിമയിലും എടുത്തു കാണിക്കുന്നത്. ഈ സിനിമയില്‍ ഡ്യൂട്ടി സമയത്ത് പോലീസുകാരന്‍ പോലും വെള്ളമടിച്ചിരിക്കുന്നതും അയാളെ മറ്റൊരു പോലീസുകാരന്‍ തടയുന്നതും ഉപദേശിക്കുന്നതായും കാണാം. 

 സര്‍വ്വോപരി പാലാക്കാരനിലും വെള്ളമടിയുടെ കാര്യത്തില്‍ ഒട്ടും കുറവല്ല എന്നു തന്നെ പറയേണ്ടി വരും. പാലാ സ്വദേശി സി ഐ ജോസ് മാണിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെങ്കിലും മദ്യത്തെ വിടാതെയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഓരോ സന്ദര്‍ഭത്തിലും ബാലു വര്‍ഗ്ഗീസും അലന്‍സിയര്‍ 'ഇതു അങ്ങോട്ട് പിടിപ്പിക്ക് എന്നിട്ടാവാം' എന്നുള്ള സംഭാഷണം ഇടയ്ക്കിടെ കയറി വരുന്നുണ്ട്. മാത്രമല്ല ഉറങ്ങി കിടക്കുന്ന പോലീസുകാരന് മദ്യം കാണിച്ച് എഴുന്നേല്‍പ്പിച്ച് സാമൂഹിക പ്രവര്‍ത്തകയുടെ വീട് കാണിക്കാന്‍ സഹായം ചോദിക്കുന്നതും മദ്യത്തിലൂടെയാണ്. 

കടങ്ങളുടെ കഥ പറയുന്ന കടം കഥ എന്ന സെന്തില്‍ രാജന്‍ ചിത്രത്തിലും മദ്യത്തിന് കുറവില്ല. വെള്ളത്തില്‍ മുങ്ങി നടക്കുന്നയാളാണ് നിഷകളങ്കനായ തമ്പിക്കുട്ടി എന്ന കഥാപാത്രം. കടങ്ങളും കടത്തിന്മേല്‍ കടങ്ങളും കയറിയ പ്രധാന കഥാപാത്രങ്ങള്‍ അവരുടെ സങ്കടങ്ങള്‍ക്ക് ബ്രേക്ക് കൊടുക്കുന്നത് മദ്യത്തിലൂടെയാണ്. ഇതുപോലെ തന്നെ ആഘോഷങ്ങളിലും മദ്യത്തില്‍ തന്നെ എത്തിച്ചേരുന്നു. പൂട്ടിക്കിടന്ന ബാറുകള്‍ തുറന്നതോടെ ഓരോ ദിവസവും മദ്യം ലഭിക്കാനും ഒപ്പിക്കാനുമാണ് ഓരോരുത്തരും നെട്ടോട്ടമോടുന്നതെന്ന് ഈ സിനിമകള്‍ പറയുന്നു.