കഴിഞ്ഞ രണ്ട് വർഷത്തോളമായി കാന്‍സര്‍ രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗം.
കൊച്ചി: സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ പറയുന്നു. തൃശൂര്‍ ചാലക്കുടി സ്വദേശിയാണ് സിദ്ധാര്‍ത്ഥ്.
"പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു", എന്നാണ് സീമ ജി നായർ കുറിച്ചത്. നിരവധി പേരാണ് സിദ്ധാര്‍ത്ഥിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്.
"ഒരു കലാകാരൻ കൂടെ അകാലത്തിൽ പൊലിഞ്ഞു. ടെലിവിഷൻ പാരമ്പരകളിലൂടെ പ്രേക്ഷകർക്കു ഏറെ പരിചിതനായിരുന്ന സിദ്ധാർത്ഥ് വേണുഗോപാൽ. കുറച്ചുകാലമായി അദ്ദേഹം കാർസർ രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി നായർ ആയിരുന്നു സിദ്ധാർത്ഥന്റെ ആരോഗ്യപരിപാലനം ഒക്കെ നിർവഹിച്ചിരുന്നത്. അന്തരിച്ചുപോയ ശരണ്യ ഉൾപ്പെടെ നിരവധി ആൾക്കാരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സിനിമ എപ്പോഴും കൂടെയുണ്ടായിരുന്നു. സിദ്ധാർത്ഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഒപ്പം സിമ ജി നായരുടെ നന്മ നിറയുന്ന മനസ്സിന് മുൻപിൽ ശിരസ്സ് കുനിച്ച് നന്ദി അർപ്പിക്കുകയും ചെയ്യുന്നു", എന്നാണ് നടന്‍ കിഷോര്‍ സത്യ പറഞ്ഞത്.
കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയവേഷം ചെയ്ത് കയ്യടി നേടിയ നടനായിരുന്നു സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. ചെറുപ്പം മുതല്‍ അഭിനയത്തോട് തല്പരനായി സിദ്ധാര്‍ത്ഥ് കോളേജ് കാലഘട്ടത്തില്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായി. സ്വകാര്യ ചാനലില്‍ അവതാരകനായിരിക്കെ സീരിയൽ, സിനിമ നിർമാതാവുമായ അരുൺ ഘോഷിലൂടെ സീരിയലില്‍ എത്തി. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ കുടുംബം. അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.



