വിവാദങ്ങള്‍ സൃഷ്ടിച്ച് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ചുള്ള ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ചലച്ചിത്ര സംഘടനകള്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.  

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ താരത്തെ പിന്തുണച്ച് മലയാള സിനിമയിലെ പ്രമുഖ സംഘടനകള്‍ രംഗത്ത്. വിവാദങ്ങള്‍ സൃഷ്ടിച്ച് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ചുള്ള ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ചലച്ചിത്ര സംഘടനകള്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. 

ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കാത്ത ഒരാളെ ഒഴിവാക്കാന്‍ നിവേദനം സമര്‍പ്പിക്കുന്ന തരത്തില്‍ മോഹന്‍ലാലിനെതിരെ വിദ്വേഷം പടര്‍ത്തുകയാണ് ചിലരെന്നും കത്തില്‍ പറയുന്നു. അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫിലിം ഡിസിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. 

105 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ടു നല്‍കിയ കത്തില്‍ ഒന്നാം പേരുകാരനായ പ്രകാശ് രാജടക്കം പലരും തങ്ങളുടെ യഥാര്‍ത്ഥ നിലപാട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അറിവോടെയല്ല കത്ത് പുറത്തു വിട്ടിരിക്കുന്നതെന്നാണ് പ്രകാശ് രാജ് പറയുന്നത്. ഈ സാഹചര്യത്തില്‍ നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ നെടും തൂണായി നില്‍ക്കുന്ന മോഹന്‍ലാലിനെതിരായ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തില്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്. 

ഇടവേള ബാബു(അമ്മ), ബി. ഉണ്ണികൃഷ്ണന്‍(ഫെഫ്ക), സിയാദ് കോക്കര്‍(ഫിലിം ഡിസിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍),എം.രഞ്ജിത്ത്,(ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍), വി.സി.ജോര്‍ജ് (ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്), എം.സി.ബോബി (ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണൈററ്റഡ് ഓര്‍ഗനൈസേഷന്‍) എന്നിവരാണ് സംഘടനകള്‍ക്ക് വേണ്ടി കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.