അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരനെന്ന് മമ്മൂട്ടി. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകൾക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക - മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരിൽ അഭിമാനിച്ചിരുന്നു നാം.ഡൽഹിയിൽ നിർഭയയെന്ന് വിളിക്കപ്പെട്ട പെൺകുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയിൽ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകൾ നീണ്ടപ്പോഴും നമ്മൾ അഹങ്കരിച്ചു;നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ അനുഭവത്തിന് മുന്നിൽ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താൽ താഴ്ന്നുപോകുന്നു. അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാൻ പറയട്ടെ: നിങ്ങൾ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരൻ. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകൾക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക.