Asianet News MalayalamAsianet News Malayalam

മമ്മൂട്ടി നോ പറഞ്ഞു, മോഹന്‍ലാലും സുരേഷ് ഗോപിയും കൈകൊടുത്തു ഹിറ്റാക്കി

Mammootty
Author
Thiruvananthapuram, First Published Aug 31, 2016, 12:02 AM IST

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ നായകനാക്കി സിനിമ ആലോചിക്കാത്ത സംവിധായകരുണ്ടാകില്ല. മമ്മൂട്ടി ചെയ്യണമെന്ന് ആഗ്രഹിച്ച് രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ മറ്റു നായകരെ വച്ച് ചെയ്യേണ്ടിവന്നിട്ടുണ്ട് ചിലര്‍ക്കെങ്കിലും. അങ്ങനെയുള്ള സിനിമകള്‍ എണ്ണത്തില്‍ ഏറെയുണ്ട്. മമ്മൂട്ടിയെ ആലോചിച്ച് എഴുതിയ കഥാപാത്രങ്ങള്‍ മറ്റു നായകര്‍ ചെയ്‍തപ്പോള്‍ സൂപ്പര്‍ഹിറ്റാകുകയും ചെയ്‍തു. അത്തരം ചില സിനിമകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.


ഏകലവ്യന്‍

സുരേഷ് ഗോപിയെ മലയാളത്തിലെ ആക്ഷന്‍ കിംഗ് ആക്കിയ ചിത്രമാണ് ഏകലവ്യന്‍. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഏകലവ്യനിലെ മാധവന്‍ ഐ പി എസ് എന്ന കഥാപാത്രമായി ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. സുരേഷ് ഗോപി നായകനായി എത്തിയ ഏകലവ്യന്‍ മെഗാഹിറ്റാകുകയും ചെയ്തു.


ഫോട്ടോ ഷൂട്ടും നടത്തി, പക്ഷേ മമ്മൂട്ടിക്ക് പകരം സ്‍ക്രീനില്‍ പ്രകാശ് രാജ്

മണിരത്നത്തിന്റെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നാണ് ഇരുവര്‍. മോഹന്‍ലാലും പ്രകാശ് രാജും മത്സരിപ്പിച്ച അഭിനയിച്ച ചിത്രം. പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെല്‍‌വന്‍ എന്ന കഥാപാത്രമായി
ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിയെ വച്ച് ഫോട്ടോഷൂട്ടുവരെ നടത്തിയതാണ്. എന്നാല്‍ മമ്മൂട്ടി ആ വേഷം വേണ്ടെന്നുവയ്‍ക്കുകയായിരുന്നു. പ്രകാശ് രാജിന് ആ വേഷത്തിന് ദേശീയ പുരസ്‍കാരം കിട്ടുകയും ചെയ്‍തു.


ആ ക്യാമറാമാനാകാനും മമ്മൂട്ടി തയ്യാറായില്ല


മോഹന്‍ലാലിന്റെ തകര്‍പ്പന്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് റോയിട്ടേഴ്സ് വേണു. റണ്‍ ബേബി റണിലെ ആ കഥാപാത്രത്തിലേക്ക് ആദ്യം മമ്മൂട്ടിയെ ആയിരുന്നു ക്ഷണിച്ചിരുന്നത്. സച്ചിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‍ത ചിത്രത്തില്‍ പിന്നീട് നായകനായത് മോഹന്‍ലാല്‍. ചിത്രം ഹിറ്റാകുകയും ചെയ്‍തു.

വാളയാര്‍ പരമശിവവും മമ്മൂട്ടിക്ക് നഷ്‍ടമായി

ദിലീപിന്റെ തകര്‍പ്പന്‍ കഥാപാത്രമാണ് വാളയാര്‍ പരമശിവം. എന്നാല്‍ വാളയാര്‍ പരമശിവമായി ആദ്യം ആലോചിച്ചതും മമ്മൂട്ടിയെ ആയിരുന്നു. ഉദയ് കൃഷ്‍ണ - സിബി കെ തോമസ് വാളയാര്‍ പരമശിവത്തിന്റെ കഥയുമായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആണ്. ബാലു കിരിയത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് മമ്മൂട്ടി അതില്‍നിന്ന് പിന്‍മാറുകയായിരുന്നു. പിന്നീട് പത്തുവര്‍ഷങ്ങള്‍ക്കു ശേഷം വാളയാര്‍ പരമശിവം വെള്ളിത്തിരയില്‍ എത്തി. ദിലീപ് നായകനായി എത്തിയ റണ്‍വേ മെഗാഹിറ്റാകുകയും ചെയ്‍തു. ഉദയ് കൃഷ്‍ണ - സിബി കെ തോമസിന്റെ തിരക്കഥയില്‍ ജോഷിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്.


രാജാവിന്റെ മകനാകാനും മമ്മൂട്ടി തയ്യാറായില്ല

മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി മാറ്റിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ഡെന്നീഫ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രത്തിലെ നായകന്‍ വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകനാകാന്‍ ആദ്യം ആലോചിച്ചത് മമ്മൂട്ടി ആയിരുന്നു. എന്നാല്‍ മമ്മൂട്ടി അതിന് തയ്യാറായില്ല. ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാകുകയും ചെയ്‍തു.


നഷ്‍ടമായ മെഗാഹിറ്റ്

മലയാളത്തിലെ എക്കാലത്തേയും മെഗാഹിറ്റില്‍ ഒന്നായ ദൃശ്യത്തിലേക്കും ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ തന്നെ. ജോര്‍ജ്ജുകുട്ടിയുടെ കഥ സംവിധായകന്‍ ജീത്തു ജോസഫ് ആദ്യം പറഞ്ഞത് മമ്മൂട്ടിയോട്. എന്നാല്‍ എന്തോ കാരണത്താല്‍ മമ്മൂട്ടി അതു വേണ്ടെന്നുവച്ചു. മോഹന്‍‌ലാല്‍ നായകനായി എത്തുകയും ചിത്രം മെഗാഹിറ്റാകുകയും ചെയ്‍തുവന്നത് പിന്നീട് കണ്ടകാര്യം.

Follow Us:
Download App:
  • android
  • ios