മമ്മൂട്ടി ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കുഞ്ഞ് ദുല്‍ഖറാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. പിന്നീട് ആ കുഞ്ഞ് ആരാണെന്ന അന്വേഷണമായി. ഒടുവില്‍ നിഖില്‍ ഇക്ബാല്‍ എന്ന ചെറുപ്പക്കാരിനിലാണ് ചെന്നവസാനിച്ചത്. എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞിനെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് നിഖില്‍ പറയുന്നു.

നിഖിലിന്‍റെ കുറിപ്പ് ഇങ്ങനെ
നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ മമ്മൂട്ടി എടുത്ത ഫോട്ടോയാണിത്. 2012 ല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുന്‍പ് ഇങ്ങനെയൊരു ഫോട്ടോ ഓണ്‍ലൈനില്‍പ്രചരിച്ചിട്ടില്ല.
ഒരു വയസ്സുള്ളപ്പോള്‍ മമ്മൂട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും കുടുംബ ആല്‍ബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരില് പ്രചരിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. 2012 ജനുവരിയില്‍ എന്റെ ഫാമിലി ആല്‍ബത്തില്‍ നിന്ന് ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ. അതിന് മുന്‍പ് ഇങ്ങനെയൊരു ചിത്രം ഓണ്‍ലൈനില്‍ വന്നിട്ടില്ല.
കുറേ സിനിമ, എഫ്ബി പേജുകളെല്ലാം കൂടി അത് ദുല്‍ഖര്‍ സല്‍മാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്. വാട്ടര്‍ മാര്‍ക്ക് ചെയ്‌തേ ഇതൊക്കെ പുറത്ത് വിടാന്‍ പാടുണ്ടായിരുന്നുള്ളു. ദുല്‍ഖര്‍ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു.
