Asianet News MalayalamAsianet News Malayalam

ഷാജില സത്യം ജനങ്ങളെ അറിയിക്കുമെന്ന പ്രതിബദ്ധതയുടെ പ്രതീകമാണ്; ക്യാമറ വുമണിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടി

''അടി കൊണ്ടിട്ടും ക്യാമറ താഴത്ത് വയ്ക്കാത്ത ഷാജില ഒരു പ്രതീകമാണ്. സത്യം ജനങ്ങളെ അറിയിക്കുമെന്ന പ്രതിബദ്ധതയുടെ പ്രതീകം. ഷാജിലയുടെ കർമ്മബോധവും ധീരതയും ഈ കാലത്തിനാകെ മാതൃകയാണ്. ഷാജിലയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ കണ്ണുകൾ തുറക്കട്ടെ.'' മമ്മൂട്ടി പറയുന്നു. 

mammootty appreciated camera woman shajila fathima from channel
Author
Thiruvananthapuram, First Published Jan 7, 2019, 6:20 PM IST

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയിൽ അക്രമത്തിനിരയായ കൈരളി ക്യാമറ വുമൺ ഷാജിലയ്ക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി. ഷാജില കരഞ്ഞു കൊണ്ട് സമരരം​​ഗങ്ങൾ ചിത്രീകരിക്കുന്ന ഫോട്ടോ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ഇതിനെ തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളാണ് ഷാജിലയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഷാജിലയ്ക്ക് കൈരളി ഏർപ്പെടുത്തിയ അവാർഡ് ദാനചടങ്ങിൽ സംസാരിക്കവേയാണ് ചെയർമാൻ കൂടിയായ മമ്മൂട്ടി അഭിനന്ദനമറിയിച്ചത്.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ. ''ഷാജിലയെ ഇനി പ്രത്യേകിച്ച് അഭിനന്ദിക്കേണ്ട കാര്യമില്ല. ഷാജിലയ്ക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിന്നും മുഖ്യധാരാമാധ്യമങ്ങളിൽ നിന്നും വരെ. സാധാരണക്കാരിൽ നിന്ന് വിഐപികളിൽ നിന്നുവരെ. കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും മാത്രമല്ല, ഏഴാം കടലിനപ്പുറത്ത് നിന്ന് പോലും ഷാജിലയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഇക്കാലത്ത് ജനങ്ങളുടെ കണ്ണുകളാണ് ദൃശ്യമാധ്യമങ്ങളുടെ ക്യാമറ. ആ കണ്ണുകൾ എപ്പോഴും തുറന്നിരിക്കട്ടെ. അടി കൊണ്ടിട്ടും ക്യാമറ താഴത്ത് വയ്ക്കാത്ത ഷാജില ഒരു പ്രതീകമാണ്. സത്യം ജനങ്ങളെ അറിയിക്കുമെന്ന പ്രതിബദ്ധതയുടെ പ്രതീകം. ഷാജിലയുടെ കർമ്മബോധവും ധീരതയും ഈ കാലത്തിനാകെ മാതൃകയാണ്. ഷാജിലയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ കണ്ണുകൾ തുറക്കട്ടെ. കൈരളി പീപ്പിളിന്റെ ക്യാമറാ പേഴ്സണാണ് ഷാജില എന്നത് എന്റെയും അഭിമാനമാണ്. ഷാജിലയ്ക്ക് എന്റെയും ഡയറക്ടർ ബോർഡിന്റെയും കൈരളിയുടെ മൊത്തം പേരിലും അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ്.'' മമ്മൂട്ടി പറഞ്ഞു.

ശബരിമല വിഷയത്തോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ സമരത്തിൽ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപിയുടെ പത്രസമ്മേളനവും പരിപാടികളും മാധ്യമപ്രവർ‌ത്തകർ ബഹിഷ്കരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios