കൊച്ചി: ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് ദിലീഷ് പോത്തന്‍. ആദ്യചിത്രമായ മഹേഷിന്‍റെ പ്രതികാരം വന്‍വിജയമായതിന് പിന്നാലെ രണ്ടാമത്തെ ചിത്രമായ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' പ്രേക്ഷക പ്രീതിയും നിരൂപക അഭിപ്രായവും നേടി. ഇതോടെ ദിലീഷിന്‍റെ അടുത്ത ചിത്രം ഏതെന്ന ചോദ്യം സജീവമായിരിക്കുകയാണ്.

അതേ സമയമാണ് ചില മാധ്യമങ്ങളില്‍ ശ്യാം പുഷ്‌കരന്‍റെ രചനയില്‍ ദിലീഷ് പോത്തന്‍ മമ്മൂട്ടി ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ വന്നത്. അടുത്തവര്‍ഷം മമ്മൂട്ടിയുടെ ആദ്യ ചിത്രം ഇതായിരിക്കും എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അത്തരമൊരു സിനിമയുടെ അന്തിമമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.

ഇത് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമം സൌത്ത് ലൈവിനോട് ദിലീഷ് പറഞ്ഞത് ഇങ്ങനെ, ഇപ്പോള്‍ മൂന്ന് ആശയങ്ങളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഏതെങ്കിലുമൊക്കെ തരത്തില്‍ ആവേശപ്പെടുത്തിയ ആശയങ്ങളാണവ. അങ്ങനെ രണ്ട്, മൂന്ന് പ്രോജക്ടുകള്‍ ഉണ്ട്. അതില്‍ ഏതൊക്കെ ചെയ്യണം, ചെയ്യുന്നെങ്കില്‍ ഏതാണ് ആദ്യം എന്നതൊക്കെ തീരുമാനമായി വരുന്നതേയുള്ളൂ. 

ഒരു അന്തിമ പ്രൊജക്ടിന്റെ രൂപത്തിലേക്ക് ആയിട്ടില്ല ഒന്നും. ആ ചിത്രങ്ങളിലേക്ക് അഭിനേതാക്കളെയും ഉറപ്പിച്ചിട്ടില്ല. ആലോചനകള്‍ തീര്‍ച്ഛയായിട്ടുമുണ്ട്. എന്തായാലും എന്റെ അടുത്ത സിനിമ അടുത്ത വര്‍ഷം പകുതിക്ക് ശേഷമേ ഉണ്ടാവൂ.