കൊച്ചി: സിനിമതാരങ്ങളുടെ സംഘടനയുടെ പ്രസിഡന്‍റ് മോഹന്‍ ലാലിനെതിരെയും പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ മോഹന്‍ലാലിനെ അനുകൂലിച്ച് കൊച്ചിയിലാണ് ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്തിയത്.സവിതാ തിയറ്ററിനു സമീപത്തു നിന്നാണ് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള പ്രകടനം ആരംഭിച്ചത്. 'വി സപ്പോര്‍ട്ട് മോഹന്‍ ലാല്‍' എന്ന പോസ്റ്ററുമായാണ് പ്രകടനം നടത്തിയത്. പിന്തുണയുമായി മമ്മൂട്ടി ഫാന്‍സുകാരും മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പമുണ്ടായിരുന്നു. 

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംബന്ധിച്ച് ഇതുവരെ വിശദീകരണം നല്‍കാത്ത അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളില്‍ നിന്നും വന്‍ തോതില്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ പ്രശ്‌നത്തില്‍ വ്യക്തിയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നുവെന്നും ഫാന്‍സ് അസോസിയേഷന്‍ ആരോപിക്കുന്നു. മോഹന്‍ ലാലിനെ ക്രൂശിക്കുന്നുവെന്ന് ആരോപിച്ച് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡലത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.