ഐനോക്സ് സ്ക്രീൻ രണ്ടിൽ നാളെ രാത്രി 8.30നാണ് ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം. തീയേറ്ററുകളുടെ വലുപ്പത്തിനനുസരിച്ചാണ് ഗോവ മേളയിൽ എത്രത്തോളം സീറ്റുകൾ പ്രീ-ബുക്കിംഗ് വഴി ഡെലിഗേറ്റുകൾക്ക് ടിക്കറ്റ് ലഭ്യമാക്കണമെന്ന് തീരുമാനിക്കുക

പനാജി: ഗോവ ചലച്ചിത്രമേളയിൽ നാളെ നടക്കാനിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്റെ പ്രീ-ബുക്കിംഗ് അവസാനിച്ചു. ആരംഭിച്ച് വളരെ വേഗം പ്രീ-ബുക്കിംഗിനായി നീക്കിവച്ചിരുന്ന ടിക്കറ്റുകൾ മുഴുവൻ ഓൺലൈനായും ഓഫ് ലൈനായും ആദ്യമെത്തിയ ഡെലിഗേറ്റുകൾ സ്വന്തമാക്കി. പ്രീ-ബുക്ക് ചെയ്യാതെ നേരിട്ട് പ്രവേശിക്കാവുന്ന റഷ് ലൈൻ ക്യൂവിൽ പ്രതീക്ഷ വയ്ക്കുകയാണ് ചിത്രത്തിന് ടിക്കറ്റ് നേടാനാവാത്ത മലയാളികൾ ഉൾപ്പെടെയുള്ള ഡെലിഗേറ്റുകൾ.

ഐനോക്സ് സ്ക്രീൻ രണ്ടിൽ നാളെ രാത്രി 8.30നാണ് ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം. തീയേറ്ററുകളുടെ വലുപ്പത്തിനനുസരിച്ചാണ് ഗോവ മേളയിൽ എത്രത്തോളം സീറ്റുകൾ പ്രീ-ബുക്കിംഗ് വഴി ഡെലിഗേറ്റുകൾക്ക് ടിക്കറ്റ് ലഭ്യമാക്കണമെന്ന് തീരുമാനിക്കുക. ഐനോക്സ് സ്ക്രീൻ രണ്ട് ഇടത്തരം വലുപ്പമുള്ള തീയേറ്ററാണ്. 256 സീറ്റുകളാണ് ആകെയുള്ളത്. ഇതിന്റെ 95 ശതമാനം സീറ്റുകളാണ് പ്രീ-ബുക്കിംഗിന് വച്ചിരുന്നത്. അവശേഷിക്കുന്ന അഞ്ച് ശതമാനം സീറ്റുകൾക്കായി നാളത്തെ പ്രദർശനത്തിനു മുൻപ് വലിയ ക്യൂ രൂപപ്പെടുമെന്ന് ഉറപ്പാണ്. 

കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ കഴിഞ്ഞ ചിത്രത്തിന്‌ ഷാങ്‌ഹായ്‌ ഉള്‍പ്പെടെ മറ്റ്‌ മേളകളിലും പ്രദര്‍ശനമുണ്ടായിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ ആയിരുന്നു ഷാങ്‌ഹായിലേത്‌. പ്രദര്‍ശനം നടന്ന ഫെസ്റ്റിവലുകളിലെല്ലാം മികച്ച അഭിപ്രായവും ചിത്രം നേടി. 

അമുദന്‍ എന്ന ടാക്‌സി ഡ്രൈവറാണ്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. സമുദ്രക്കനി, അഞ്‌ജലി അമീര്‍, സിദ്ദിഖ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ്‌ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.