Asianet News MalayalamAsianet News Malayalam

'പുലിമുരുകന്‍' കണ്ടതുപോലെ മമ്മൂട്ടി '96' കണ്ടു, ഒപ്പം ദുല്‍ഖറും

വിജയ് സേതുപതിയും തൃഷയും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 എന്ന ചിത്രമാണ് മമ്മൂട്ടി സ്വന്തം ഹോം തീയേറ്ററില്‍ കണ്ടത്.

mammootty watched 96 from his home theatre
Author
Kochi, First Published Oct 24, 2018, 11:23 PM IST

പ്രേക്ഷകരുടെ മാറുന്ന അഭിരുചികളോട് മുഖം തിരിക്കാത്ത താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. അതാതുകാലത്ത് ജനശ്രദ്ധ നേടുന്ന സിനിമകള്‍ കാണാന്‍ അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്. കുറച്ചുകാലമായി വലിയ അഭിപ്രായം നേടുന്ന സിനിമകള്‍ സ്വന്തം ഹോം തീയേറ്ററിലാണ് അദ്ദേഹം കാണാറ്. മോഹന്‍ലാല്‍ നായകനായ 'പുലിമുരുകന്‍' അടക്കമുള്ള ചിത്രങ്ങള്‍ ഹോം തീയേറ്ററിലെ ക്യൂബ് സംവിധാനം ഉപയോഗിച്ചാണ് അദ്ദേഹം കണ്ടത്. പുലിമുരുകന്‍ കാണാന്‍ അന്ന് കൊച്ചി പനമ്പള്ളി നഗറിലെ അയല്‍വാസിയായ നടന്‍ കുഞ്ചനും ഒപ്പമുണ്ടായിരുന്നു. അത് വാര്‍ത്തയുമായിരുന്നു. മമ്മൂട്ടി ഏറ്റവുമവസാനം അത്തരത്തില്‍ കണ്ട ചിത്രങ്ങളിലൊന്ന് മലയാളത്തിലല്ല, തമിഴിലാണ്.

വിജയ് സേതുപതിയും തൃഷയും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 എന്ന ചിത്രമാണ് മമ്മൂട്ടി സ്വന്തം ഹോം തീയേറ്ററില്‍ കണ്ടത്. മമ്മൂട്ടി മാത്രമല്ല, ദുല്‍ഖറും കണ്ടു ചിത്രം. ഇക്കാര്യം ഹൈലൈറ്റ് ചെയ്താണ് 96ന്റെ മലയാളത്തിലുള്ള മുപ്പതാംദിന പോസ്റ്റര്‍. സ്വന്തം ഹോം തീയേറ്ററിലെ ക്യൂബില്‍ അപ്‌ലോഡ് ചെയ്ത് മമ്മൂക്കയും ദുല്‍ഖറും 96 കണ്ടുകഴിഞ്ഞു. നിങ്ങളോ, എന്നാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ മലയാളം പോസ്റ്ററിലെ പരസ്യ വാചകം.

mammootty watched 96 from his home theatre

ഒക്ടോബര്‍ 4ന് റിലീസ് ചെയ്ത ചിത്രം തമിഴ് സിനിമയുടെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. കേരളത്തില്‍ ഒരു മലയാളസിനിമയ്ക്ക് ലഭിക്കുന്നത്ര പ്രേക്ഷകപ്രീതിയാണ് ചിത്രം നേടിയെടുത്തത്. വിജയ് സേതുപതിയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് 96 നേടിയത്. ആദ്യ രണ്ട് ദിനങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 4 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. 

സ്‌കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീ-യൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയ് സേതുപതി റാം എന്ന നായകനെ അവതരിപ്പിക്കുമ്പോള്‍ ജാനകിയാണ് തൃഷ. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. എന്‍ ഷണ്‍മുഖ സുന്ദരമാണ് ഛായാഗ്രഹണം. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാല്‍ ആണ് നിര്‍മ്മാണം. 

Follow Us:
Download App:
  • android
  • ios