ലൊക്കേഷനിൽ വെച്ച് എടുത്ത ചിത്രം മമ്മൂട്ടി തന്നെയാണ് പോസ്റ്റ് ചെയ്തതും

കൂളായി കുട്ടികൾക്കൊപ്പം ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് കമന്‍റടിച്ച് ദുൽക്കറും ആരാധകരും. സ്കൂൾ കുട്ടികൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. അബ്രഹാമിന്റെ സന്തതികൾ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് എടുത്ത ചിത്രം മമ്മൂട്ടി തന്നെയാണ് പോസ്റ്റ് ചെയ്തതും. ചിത്രം കണ്ട് ആരാധകര്‍ കമന്‍റുകളും ഷെയറുമായി ഏറ്റെടുത്തുക്കഴിഞ്ഞു. 

'ഈ പിള്ളേർക്കു 50 വയസ്സായാലും..ഇനി ഇവരുടെ റീയൂണിയൻ വന്നാലും.. ഇക്ക ഇങ്ങനെ തന്നെ ഇരിക്കും!' ,'ഇത്രേം വലിയ പിള്ളേരുടെ കൂടെ കയറിയിരിക്കാൻ എങ്ങനെ മനസ് വന്നു കൊച്ചു ചെറുക്കാ' 'കുട്ടികളെക്കാളും സന്തോഷം ഇക്കയുടെ മുഖത്താണ് '
യൂണിഫോം അല്ലാത്തത്കൊണ്ട് ആളെ മനസ്സിലായി’, ‘അതാരാ ആ ചെക്കൻ..?’, എന്നിങ്ങനെ നല്ല രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. 

ആരാധകര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി കമന്‍റ് ഇട്ടിട്ടുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടെന്നും കൂളെസ്റ്റ് വാപ്പച്ചിയെയാണ് കാണാൻ സാധിക്കുന്നതെന്നും ദുൽക്കർ പറഞ്ഞു. മമ്മൂട്ടി പൊലീസായാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.