ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കത്തനാർ'. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ത്രീഡി ചിത്രത്തിൽ അനുഷ്ക ഷെട്ടി, പ്രഭുദേവ എന്നിവരും അഭിനയിക്കുന്നു. ചിത്രം 15 ഭാഷകളിൽ റിലീസ് ചെയ്യും.
ചില സിനിമകൾ അങ്ങനെയാണ് പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റും. പിന്നീടങ്ങോട്ട് ആ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഓരോ അപ്ഡേറ്റുകളും അവർ ആവേശപൂർവ്വം ഏറ്റെടുക്കും. അത്തരത്തിൽ വർഷങ്ങളായി മലയാള സിനിമാസ്വാദകർ കാത്തിരിക്കുന്ന സിനിമയാണ് കത്തനാർ. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. വൻ ബജറ്റിലും ക്യാൻവാസിലും ഒരുങ്ങുന്ന ചിത്രം ഈ വർഷം തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തതവസരത്തിൽ സിനിമയുടെ ട്രെയിലർ ഉടൻ പുറത്തുവരുമെന്ന സൂചനയും അതിന്റെ റിവ്യൂവും പറഞ്ഞിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ.
കത്തനാറിന്റെ ട്രെയിലർ കാണാൻ സാധിച്ചുവെന്നും മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമാകും സിനിമയെന്നും അഖിൽ സത്യൻ കുറിക്കുന്നു. "കത്തനാറിന്റെ ട്രെയിലർ കാണാൻ ഇടയായി. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണിത്. വളരെ അതിശയിപ്പിക്കുന്ന ഒന്ന്. റോജിൻ തോമസിനേയും നീൽ ഡി കുഞ്ഞനേയും ഓർത്ത് അഭിമാനം. നിങ്ങൾ എല്ലാവരും മലയാള സിനിമയെ ഞങ്ങൾ സങ്കൽപ്പിക്കാത്ത ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു", എന്നാണ് അഖിൽ സത്യൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സിനിമ കാണാനുള്ള പ്രതീക്ഷകൾ പങ്കിട്ട് കമന്റ് ചെയ്തത്.
ഹോം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. 212 ദിവസം 18 മാസവും എടുത്തായിരുന്നു പടത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമാണം. 75 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ. 15 ഭാഷകളിലാകും റിലീസ്. ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023ൽ ആയിരുന്നു ആരംഭിച്ചത്. ജയസൂര്യയാണ് കത്തനായി എത്തുന്നത്. ഒപ്പം അനുഷ്ക ഷെട്ടി, പ്രഭു ദേവ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.



