Asianet News MalayalamAsianet News Malayalam

'നീങ്ക താന്‍ ഇന്ത പടത്തെ കൊണ്ടാടണം'; 'പേരന്‍പി'ന്റെ ചെന്നൈ പ്രീമിയറില്‍ മമ്മൂട്ടി

'സിനിമയെക്കുറിച്ച് ഞാനല്ല പറയേണ്ടത്, അത് സിനിമ സ്വയം പറയേണ്ടതാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ തമിഴില്‍ അഭിനയിക്കുന്നത്.'

mammoottys speech at peranbu chennai premiere
Author
Chennai, First Published Jan 31, 2019, 1:17 PM IST

മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായേക്കുമെന്ന് വിലയിരുത്തലുള്ള ചിത്രമാണ് 'പേരന്‍പ്'. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരി പെണ്‍കുട്ടിയുടെ അച്ഛനാണ് ഈ കഥാപാത്രം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ആഗോള പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. നാളത്തെ വേള്‍ഡ്‌വൈഡ് റിലീസിന് മുന്നോടിയായി കൊച്ചിയിലും ചെന്നൈയിലും ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനവും നടന്നിരുന്നു. ഇരു വേദികളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. പേരന്‍പ് തനിക്ക് എത്രത്തോളം ഹൃദയത്തോട് ചേര്‍ന്ന സിനിമയാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ചെന്നൈ പ്രീമിയറില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം. തനിക്ക് അവതരിപ്പിക്കാന്‍ പ്രയാസമുള്ള കഥാപാത്രമായിരുന്നില്ല 'അമുദനെ'ന്നും അത്തരമൊരു പെണ്‍കുട്ടി തനിക്കുണ്ടായിരുന്നെങ്കിലെന്ന് ഓര്‍ത്ത് അഭിനയിക്കുകയാണ് ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു.

പേരന്‍പിനെക്കുറിച്ച് മമ്മൂട്ടി

സിനിമയെക്കുറിച്ച് ഞാനല്ല പറയേണ്ടത്, അത് സിനിമ സ്വയം പറയേണ്ടതാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ തമിഴില്‍ അഭിനയിക്കുന്നത്. വ്യത്യസ്തമായ ഒരു കഥയും സിനിമയുമാണിത്.  വളരെ സൂക്ഷമതയോടെ ചെയ്ത സിനിമയാണ്. കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വലിയ പ്രയാസം ഉണ്ടായിരുന്നില്ല. അതുപോലെയൊരു മകള്‍ എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ച് അഭിനയിച്ചു. അത് എളുപ്പവുമായിരുന്നു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നും, ഇതുപോലെ ഒരു മകള്‍ ഉണ്ടായിരുന്നാലെന്ന്. വിഭിന്ന ശേഷിയുള്ള ഒരുപാട് കുട്ടികളെ നാം കാണാറുണ്ട്. അവര്‍ക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. അത് കാണുന്ന നമുക്കാണ് പ്രശ്‌നം. അച്ഛനും അമ്മയ്ക്കുമാണ് പ്രശ്‌നം. ആരും പറയാത്ത കഥ എന്നതിനേക്കാള്‍ എല്ലാവരും പറയാന്‍ മറന്നുപോകുന്ന കഥ എന്നാണ് ഞാന്‍ പറയുക. സംവിധായകനും നിര്‍മ്മാതാവും എനിക്കൊപ്പം അഭിനയിച്ചവരുമൊക്കെ ഏറെ സ്‌നേഹത്തോടെയാണ് ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായത്. ഇനി ഇത് നിങ്ങളുടെ കൈയിലാണ്. നിങ്ങളാണ് ഇത് കാണേണ്ടത്. നിങ്ങളാണ് ഈ സിനിമയെ ആഘോഷിക്കേണ്ടത്. ഇത് പേരെടുക്കേണ്ടതും നിങ്ങളിലൂടെയാണ്.

നാളെ തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ബുധനാഴ്ച വൈകിട്ടോടെ ആരംഭിച്ചിരുന്നു. പ്രീ റിലീസ് ബുക്കിംഗിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios