തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ് മദ്യശാലകൾക്കെതിരെ കർശന നിയമങ്ങൾ നടപ്പാക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പിലായി വരുന്നു.

മിഴ് സിനിമയും ബോക്സ് ഓഫീസും ഭരിച്ചിരുന്ന നടൻ വിജയ് തമിഴ്നാട് ഭരിക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. മുഖ്യമന്ത്രി ജോസഫ് വിജയ് ഇതിനകം നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നായിരുന്നു മദ്യഷോപ്പുകൾ അടച്ച് പൂട്ടാനുള്ള നിർദ്ദേശം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ച് പൂട്ടാൻ വിജയ് നിർദ്ദേശം നൽകിയത്. ഇക്കാര്യം ഇപ്പോൾ നടപ്പായി വരികയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ തന്റെ സ്കൂളിന് അടുത്തുണ്ടായിരുന്ന വൈൻ ഷോപ്പ് അടച്ചുപൂട്ടിച്ച മുഖ്യമന്ത്രി വിജയ്ക്ക് നന്ദി പറയുകയാണ് സ്കൂൾ നടത്തിപ്പുകാരി. സ്കൂൾ കഴിഞ്ഞ് ആറ് കെട്ടിടങ്ങൾക്കിപ്പുറം ആയിരുന്നു വൈൻ ഷോപ്പ് സ്ഥിതി ചെയ്തിരുന്നത്. കഴിഞ്ഞ 40 വർഷമായി ഇതടച്ച് പൂട്ടാൻ വേണ്ട കാര്യങ്ങൾ താൻ ചെയ്തുവെന്നും എന്നാൽ പ്രയോജനമുണ്ടായില്ലെന്നും ഇവർ പറയുന്നു. ഇന്ത്യ ​ഗ്ലിറ്റ്സ് തമിഴാണ് ഇവരുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

"കുറച്ചേറെ കാലമായി ഈ ഷോപ്പുണ്ട് ഇവിടെ. ഇന്നത് പൂട്ടിച്ചിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഒരുപാട് നന്ദി. എന്‍റെ സ്കൂള്‍ കഴിഞ്ഞ് ആറാമത്തെ ബില്‍ഡിങ്ങാണിത്. അത് പൂട്ടാനായി നാല്പത് വര്‍ഷമായി ഞാന്‍ പോരാടുകയായിരുന്നു. പക്ഷേ കഴിഞ്ഞില്ല. ഒരു ഭരണാധികാരിയും അതിന് വേണ്ടി സഹായിച്ചില്ല. പുതിയ മുഖ്യമന്ത്രി അത് നടപ്പാക്കി തന്നു. വലിയൊരു സഹായമാണ് നിങ്ങള്‍ ചെയ്ത് തന്നത്. നിരവധി കുട്ടികള്‍ ഇതുവഴിയാണ് പൊയ്ക്കൊണ്ടിരുന്നത്. ആറ് മണിക്ക് ശേഷം ഇതുവഴി സ്ത്രീകള്‍ക്ക് നടക്കാന്‍ പറ്റില്ലായിരുന്നു. നിരവധി പേര്‍ വെള്ളമടിച്ച് നടുറോഡില്‍ വീണ് കിടക്കും. ഷോപ്പ് പൂട്ടിച്ചതിന് വീണ്ടും ഒരുപാട് നന്ദി", എന്നായിരുന്നു സ്കൂൾ നടത്തിപ്പുകാരിയുടെ വാക്കുകൾ.

ഇതിനിടെ 21 വയസിന് താഴെ ഉള്ളവർക്ക് മദ്യം നൽകരുതെന്ന നിർദ്ദേശം കൂടി വിജയ് പുറത്തുവിട്ടിട്ടുണ്ട്. പ്രായത്തിൽ സംശയം തോന്നുകയാണെങ്കിൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണമെന്നും വീഴ്ചവരുത്തുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming