മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയിലെ ആദ്യ ഗാനം റീലിസ് ചെയ്തു. 'നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം'... എന്ന് തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. റഫീഖ് അഹമ്മദ് രചിച്ച ഗാനത്തിന് എം. ജയചന്ദ്രന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ എത്തുന്നത്. ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളീ ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെപിഎസി ലളിത, രാഹുല്‍ മാധവ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. റാഫേല്‍ തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.
ആമിയായി ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനെയായിരുന്നു. എന്നാല്‍ വിദ്യ ചിത്രത്തില്‍ നിന്ന പിന്മാറിയതോടെ മഞ്ജുവിന് നറുക്കു വീഴുകയായിരുന്നു. വിദ്യയാണ് മാധവിക്കുട്ടിയായി അഭിനയിക്കുന്നതെങ്കില്‍ ചിത്രത്തില്‍ ലൈംഗികത വര്‍ധിക്കുമെന്ന സംവിധായകനായ കമലിന്റെ അഭിപ്രായം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

