ആരാധകർക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യർ
കൊച്ചി: മോഹൻലാൽ സിനിമ വിജയിപ്പിച്ച ആരാധകർക്ക് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യർ. സിനിമ മോഹൻലാലിനൊപ്പം കാണാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാരെന്നും മഞ്ജു വാര്യർ പറഞ്ഞു.അതേസമയം വ്യാജ പ്രൊഫൈലുകള് വഴി ഓൺലൈൻ മാധ്യമങ്ങളിൽ ചിലർ സിനിമയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സംവിധായകൻ സാജിദ് യഹിയ പറഞ്ഞു.
വിഷുക്കൈനീട്ടമായെത്തിയ മോഹൻലാൽ സിനിമയെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി മഞ്ജുവാര്യര്‍. ലാലിന്റെ ആരാധികയായും പിന്നീട് ലാലിനൊപ്പവും അഭിനയിച്ച പാലക്കാടൻ ഷൂട്ടിങ് വിശേഷങ്ങളും മഞ്ജു ഓർത്തെടുത്തു.
അതേസമയം സിനിമയ്ക്കെതിരെ ഫേസ്ബുക്ക് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങൾ അനാരോഗ്യകരമെന്ന് സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. സിനിമയ്ക്കെതിരായ വിമർശനങ്ങൾ സ്വാഗതാർഹമാണ്. പക്ഷെ വിമർശനങ്ങൾ വ്യക്തിഹത്യയിലേക്ക് മാറുന്നത് തെറ്റായ പ്രവണതയാണെന്നും സംവിധായകൻ പറഞ്ഞു.
