'മോഹന്‍ലാല്‍' പകുതിയെത്തിയപ്പോള്‍ മഞ്ജുവിന്‍റെ സര്‍പ്രൈസ് വിസിറ്റ്

മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് സാജിദ് യഹിയ സംവിധാനം ചെയ്ത് മഞ്ജുവാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രം. മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥപറയുന്നതാണ് ചിത്രം. ചിത്രത്തിന്‍റെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കുന്നതാണ് മഞ്ജുവിന്‍റെ രീതി. അങ്ങനെ ഇത്തവണ നിറഞ്ഞ സദസില്‍ മോഹന്‍ലാല്‍ കളിക്കുമ്പോഴായിരുന്നു മഞ്ജുവിന്‍റെ സര്‍പ്രൈസ് വിസിറ്റ്. 

കൊച്ചി ലുലു മാളിലെ തിയേറ്ററിലാണ് മഞ്‍ജുവെത്തിയത്. ആദ്യപകുതി പൂര്‍ത്തിയായ സമയത്തായിരുന്നു മഞ്ജുവെത്തിയത്. ഇതോടെ പ്രേക്ഷകരെല്ലാം ആവേശത്തിലായി. അവര്‍ക്കു മുമ്പില്‍ കേക്ക് മുറിച്ച് സന്തോഷം പ്രകടിപ്പിച്ചും സെല്‍ഫിയെടുത്തുമാണ് മഞ്ജു മടങ്ങിയത്. ലാലേട്ടനും എല്ലാ ആരാധകര്‍ക്കും വേണ്ടിയാണ് ചിത്രം എടുത്തരിക്കുന്നതെന്നും അടുത്ത പകുതിയില്‍ കൂടുതല്‍ രസകരമാണെന്നും മ‍ഞ്ജു പ്രേക്ഷകരോടായി പറഞ്ഞു. മോഹന്‍ലാല്‍ ടീം മുഴുവനും മഞ്ജുവിനൊപ്പമുണ്ടായിരുന്നു.