നെഞ്ച് നിറച്ച് മോഹന്‍ലാല്‍ ചിത്രം ശ്രദ്ധേയമാകുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ മിന്നുന്ന പ്രകടനം കൊണ്ടും കിടിലന്‍ ഗാനരംഗങ്ങള്‍ കൊണ്ടും ശ്രദ്ധേയമാകുകയാണ് 'മോഹന്‍ലാല്‍' എന്ന ചിത്രം. മലയാളത്തിന്‍റെ പ്രിയനടന്‍റെ പേരു പോലെ കുടുംബപ്രേക്ഷകരുള്‍പ്പെടുന്ന ജനഹൃദയങ്ങള്‍ ചിത്രത്തെ നെഞ്ചോട് ചേര്‍ക്കുന്ന ആവേശക്കാഴ്ചകാളാണ് തിയേറ്ററുകളില്‍.

'ഇടി' എന്ന സിനിമയ്ക്ക് ശേഷം സാജിദ് യഹിയ സംവിധാനം‌ ചെയ്യുന്ന സിനിമയാണിത്. മോഹൻലാലിന്‍റെ കടുത്ത ആരാധികയായ മീനു എന്ന വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മോഹൻലാൽ‌ എന്ന അവിസ്മരണീയ കലാകാരന്‍റെ അഭിനയമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയും അഭിനയപാടവത്തെ പുകഴ്ത്തിയും ഇതിനുമുമ്പും നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് സിനിമയുടെ പേരടക്കം മുഴുനീള‌ മോഹന്‍ലാല്‍ ഫാൻ ചിത്രമാകുന്നതെന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

മഞ്ഞിൽ‌ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ‌ മലയാള സിനിമയിലേക്ക് കടന്നുവന്ന അതേ ദിവസം‌ തന്നെയാണ് മീനാക്ഷിയുടെയും ജനനം. മോഹൻലാലിന്‍റെ കരിയർ വളർച്ചയോടൊപ്പം മീനുവും വളരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളുടെയും കടുത്ത ആരാധികയായി മാറിയ മീനു, തന്‍റെ ജീവിതത്തിലും മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളെ പോലെ‌ മറ്റുള്ളവരെ കണ്ടുതുടങ്ങുന്നു.

ഫ്ലാഷ്ബാക്കിലൂടെ സഞ്ചരിക്കുന്ന സിനിമ നിരവധി രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തുമൊക്കെ തങ്ങളുടെ വേഷങ്ങളെ ഭദ്രമാക്കിയിരിക്കുന്നു. ഇവരുടെ മത്സരിച്ചുള്ള അഭിനയവും തമാശ രംഗങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

സുനീഷ് വരനാടാണ് രചന. സൗബിന്‍ ഷാഹിര്‍, അജുവർഗീസ്, സിദ്ദിഖ്, സലീം കുമാർ, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വന്‍ താരനിര ചിത്രത്തെ സമ്പന്നമാക്കുന്നു.