തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജുവാര്യര്‍ രംഗത്ത്. അഞ്ച് ടിവികള്‍ സംഭാവന നല്‍കാന്‍ മഞ്ജു സന്നദ്ധത അറിയിച്ചു. ഡിവൈഎഫ്‌ഐ സ്റ്റേറ്റ് കാള്‍ സെന്ററിലേക്ക് നേരിട്ട് വിളിച്ചാണ് മഞ്ജു സഹായ വാഗ്ദാനം നല്‍കയത്. മഞ്ജുവിന് ഡിവൈഎഫ്‌ഐ നന്ദി അറിയിച്ചു. സഹായ വാഗ്ദാനം നല്‍കി ഉണ്ണികൃഷ്ണനും സംഘടനാ ഭാരവാഹികളെ ബന്ധപ്പെട്ടു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികളെ സഹായിക്കാനാണ് ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ടിവി ചലഞ്ചിന് തുടക്കമിട്ടത്. ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ ടിവി നല്‍കാന്‍ സന്നദ്ധരാകണമെന്നും ടിവി വാങ്ങി നല്‍കാന്‍ തയ്യാറുള്ളവര്‍ വാങ്ങി നല്‍കണമെന്നുമാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടത്. നടി മഞ്ജുവാര്യര്‍ ചാലഞ്ചില്‍ പങ്കാളിയായി.

ടിവി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ അറിയിച്ചു. സമൂഹത്തിന്റെ നാനാവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സംഘടന അറിയിച്ചു. ഹൈബി ഈഡന്‍ എംപിയും ടാബ്ലറ്റ് വിതരണം നടത്തിയിരുന്നു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അപ്രാപ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതോടെ സംഭവം ചര്‍ച്ചയായി.