മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന് വേണ്ടി മോഹന്‍ലാലിന്റെ രൂപമാറ്റവും മറ്റും കണ്ട് അമ്പരപ്പിലുമാണിവര്‍. മോഹന്‍ലാല്‍ ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് എത്തുന്നത്. എ്ന്നാല്‍ നായികയായ മഞ്ജുവാര്യരും വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ പറയുന്നു.
കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവുപം താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇത്.
മഞ്ജുവാര്യര്‍ വളരെ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആറാം തമ്പുരാനിലെ ഉണ്ണിമായയാണ് ഇന്നും എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. തിരിച്ച് വരവില്‍ നിന്ന് 'എന്നും എപ്പോഴും' മാറ്റിനിര്‍ത്തിയാല്‍ മഞ്ജുവിന്റെ മറ്റു സിനിമകളെല്ലാം നായികയെ മാത്രം ചുറ്റിപ്പറ്റിയുള്ളതായിരുന്നു.
ഒരു അഭിനേതാവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നത് അവര്‍ അത്രതന്നെ മികച്ച മറ്റൊരു അഭിനേതാവിനൊപ്പം അഭിനയിക്കുമ്പോഴാണ്. ഒടിയനില്‍ മഞ്ജു അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച രണ്ട് താരങ്ങള്‍ക്കൊപ്പമാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
