നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിനാല്‍ രാമലീല എന്ന സിനിമയ്‍ക്കെതിരെ വന്‍ പ്രതിഷേധമുണ്ടായിരുന്നു. സിനിമ ബഹിഷ്‍ക്കരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചിലര്‍ സിനിമയ്ക്ക് പിന്തുണയുമായി എത്തി. സിനിമയെ പിന്തുണച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയത് വന്‍ വാര്‍ത്തയുമായി. എന്തുകൊണ്ടാണ് രാമലീലയ്ക്ക് പിന്തുണ നല്‍കിയതെന്ന് ഇന്ത്യാ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു.

'ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും അതെ ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞാന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത്'- മഞ്ജു വാര്യര്‍ പറഞ്ഞു.