Asianet News MalayalamAsianet News Malayalam

'ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍'; ഒന്നും പ്രതികരിക്കാതെ പുഞ്ചിരിച്ച് മന്‍മോഹന്‍ സിംഗ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134 മത് വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുന്‍പ്രധാനമന്ത്രി

Manmohan Singh Asked About "The Accidental Prime Minister". His Response
Author
New Delhi, First Published Dec 28, 2018, 3:02 PM IST

ദില്ലി: മന്‍മോഹന്‍ സിംഗിന്‍റെ പ്രധാനമന്ത്രിയായുള്ള ജീവിതം ആവിഷ്കരിക്കുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിനെക്കുറിച്ച് പ്രതികരിക്കാതെ മന്‍മോഹന്‍ സിംഗ്. ഇന്നലെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ മന്‍മോഹന്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134 മത് വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുന്‍പ്രധാനമന്ത്രി. എന്നാല്‍ ചിത്രത്തെക്കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തോട് ഒരു പ്രതികരണവും നടത്താതെ മുഖത്ത് ഒരു പുഞ്ചിരിയുമായി മാധ്യമ മൈക്കുകളെ അവഗണിച്ച് മന്‍മോഹന്‍ നടന്നു നീങ്ങി.

പ്രധാനമന്ത്രിയെന്ന നിലയിലുള്ള മന്‍മോഹന്‍സിംഗിന്‍റെ ജീവിതം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍. ബോളിവുഡ് താരം അനുപം ഖേര്‍ മന്‍മോഹന്‍സിംഗായി എത്തുന്ന ചിത്രത്തില്‍ അക്ഷയ് ഖന്ന, സുസനൈ ബെര്‍നെറ്റ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

മന്‍മോഹന്‍സിംഗിന്‍റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ''ദ ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍'' എന്ന പുസ്തകത്തെ അധികരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  വിജയ് രത്നകര്‍ ഗുട്ടെ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.  അതേസമയം ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെ മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. റിലീസിന് മുന്‍പായി ചിത്രം തങ്ങള്‍ക്ക് കാണണമെന്നും സത്യവിരുദ്ധമായ സീനുകള്‍ ചിത്രത്തിലുണ്ടെങ്കില്‍ അവ മാറ്റിയ ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാന് അനുവദിക്കൂവെന്നും വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്. 

2004 മുതല്‍ 2014 വരെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് കടന്നു പോയ പലതരം രാഷ്ടട്രീയപ്രതിസന്ധികളും പ്രശ്നങ്ങളും ചിത്രത്തിന്‍റെ ട്രെയിലറില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം അതേ പേരില്‍ ചിത്രത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios