ജാതി സിനിമ എടുക്കുന്നവൻ എന്നൊരു സ്റ്റാമ്പ് തന്റെ മേൽ പലരും പതിപ്പിക്കുന്നുണ്ട്, അത് അങ്ങനെ തന്നെയിരിക്കട്ടെഎന്നും മാരി സെൽവരാജ് പറയുന്നു.മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്.
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
ജാതി വിവേചനങ്ങളെയും അതിക്രമങ്ങളെയും തന്റെ സിനിമകളിലൂടെ നിരന്തരം വിമർശിക്കുന്ന സംവിധായകൻ കൂടിയാണ് മാരി സെൽവരാജ്. അതുകൊണ്ട് തന്നെ 'ജാതി സിനിമ' എടുക്കുന്ന സംവിധായകൻ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ ചിലർ അധിക്ഷേപിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാരി സെൽവരാജ്. സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു മാരി സെൽവരാജിന്റെ പ്രതികരണം.
"ഞാനും എന്റെ അപ്പനപ്പൂപ്പന്മാരും അനുഭവിച്ച ജാതീയതയെ കുറിച്ച് സിനിമയെടുക്കുന്നത് എന്റെ സ്വതന്ത്രമാണ്. ജാതി സിനിമ എടുക്കുന്നവൻ എന്നൊരു സ്റ്റാമ്പ് എന്റെ മേൽ പലരും പതിപ്പിക്കുന്നുണ്ട്, അത് അങ്ങനെ തന്നെയിരിക്കട്ടെ. ജാതി കാരണം എന്നെ പോലെ ദ്രോഹങ്ങളും ഉപദ്രവങ്ങളും നേരിട്ട ഒരാൾ തമിഴ് സിനിമയിൽ തന്നെ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അതിൽ നിന്ന് അതിജീവിച്ച് ഇവിടം വരെ വന്നതിന്റെ വേദന എനിക്ക് മാത്രമേ അറിയൂ, അങ്ങനെ ഒരാളോട് അതൊക്കെ മറന്നിട്ട് ആടൂ, പാടൂ എന്നൊക്കെ പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടുണ്ട്." മാരി സെൽവരാജ് പറഞ്ഞു.
പ്രേക്ഷക പ്രശംസകൾ നേടി ബൈസൺ
അതേസമയം അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴിൽ അരശാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിവാസ് പ്രസന്നയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ബൈസൺ നിര്‍മിച്ചിരിക്കുന്നത്.



