സെലിബ്രിറ്റികളെ കുറിച്ച് ഇടയ്ക്കിടെ ഗോസിപ്പുകളും മറ്റ് വ്യാജ വാര്‍ത്തകളും ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്. ചില വാര്‍ത്തകളോട് ചിലര്‍ പ്രതികരിക്കാറുമുണ്ട്. ഇത്തരം ഒരു വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് നടി മെറീന മൈക്കിള്‍. ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് നടിയുടെ വിമര്‍ശനം. താന്‍ പറയാത്ത കാര്യങ്ങള്‍ക്ക് കൂടിയാണെങ്കിലും ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും മെറീന പറയുന്നു. 

 രണ്ട് ദിവസമായി എന്‍റെ പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ ലൈവില്‍ വന്നത്. മോഡലിങ് രംഗത്തെയും അവിടെ പ്രവര്‍ത്തിക്കുന്നവരെയും ഞാന്‍ മോശമായിപ്പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞാന്‍ ഒരു അഭിമുഖം നല്‍കിയിരുന്നു. ആ അഭിമുഖം വളച്ചൊടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. എനിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതിനാല്‍ ചില അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ തന്നെ മോഡലിങ്ങില്‍ ഒരുപാട് നല്ല കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഏത് ഓണ്‍ലൈന്‍ മീഡിയയിലെ പൊന്നു ചേട്ടനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. എന്‍റെ കൂടെ ജോലി ചെയ്യുന്നവരെയെല്ലാം ഞാന്‍ മോശക്കാരായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു അവര്‍ എഴുതിയത്.

ഞാന്‍ എന്‍റെ കൂടെ ജോലി ചെയ്യുന്നവരെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല പറയുകയുമില്ലെന്നും നടി പറയുന്നു. അതിന് ആ വാര്‍ത്തയില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും നടി പറയുന്നു. 

മെറീനയുടെ ലൈവ് വീഡിയോ കാണാം